വിവാഹവാഗ്ദാനമുണ്ടായിരുന്നതിനാല്‍ പരസ്പര സമ്മതത്തോടെ സംഭവിച്ച ശാരീരിക ബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി. വിവാഹവാഗ്ദാനം തന്നതിനാല്‍ തന്റെ സമ്മതത്തോടെയാണ് ശാരീരികബന്ധമുണ്ടായതെന്ന് പെണ്‍കുട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവിനെതിരെയുളള കേസിലാണ് ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
ബലാത്സംഗം നടന്നതായി ഫോറന്‍സിക്ക് തെളിവുകളില്ല, പതിനഞ്ച് വയസ് പ്രായമുള്ളപ്പോള്‍ പെണ്‍കുട്ടിക്ക് യുവാവുമായി സമ്മതത്തോടെയാണ് ശാരീരിക ബന്ധം ഉണ്ടായത്. സംഭവം നടന്ന് മൂന്ന് വര്‍ഷത്തിന് ശേഷം, പ്രായപൂര്‍ത്തിയായപ്പോഴാണ് പരാതി നല്‍കുന്നത്. യുവാവും പ്രായപൂര്‍ത്തിയായപ്പോഴാണ് വിവാഹവാഗ്ദാനത്തില്‍ നിന്നും പിന്മാറുന്നത്. ഇതേ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ യുവാവിനെതിരെ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസ് കോടതി റദ്ദാക്കി.
എഫ്‌ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ച ഹൈക്കോടതിയുടെ നടപടി ചോദ്യംചെയ്ത് യുവാവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.അതേസമയം ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനുള്ള പ്രായം പതിനാറു വയസാക്കുന്നതിനെ സുപ്രീം കോടതിയില്‍ കേന്ദ്രം എതിര്‍ത്തു. ഇത്തരത്തിലൊരു മാറ്റം നിയമത്തിലുണ്ടായാല്‍ അതിന്റെ മറവില്‍ മനുഷ്യക്കടത്തിനും മറ്റ് തരത്തിലുള്ള ബാലപീഡനത്തിനും വഴിതുറക്കുമെന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടിയത്