
കൊച്ചി: മലയാള സിനിമാ താര സംഘടനയായ 'അമ്മ'യുടെ ഭാരവാഹി തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടി ശ്വേത മേനോനെതിരെ ഉയര്‍ന്ന കേസ് വിവാദമാകുന്നു. അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നാരോപിച്ച് എറണാകുളം സെന്‍ട്രല്‍ പോലീസ് ശ്വേതയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഈ കേസിന് പിന്നില്‍ മുന്‍നിര നടന്റെ ഇടപെടലും 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ശ്രമവുമുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
തോപ്പുംപടി സ്വദേശി മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. ഐടി നിയമത്തിലെ 67(എ) വകുപ്പ്, അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമത്തിലെ 3, 5 വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസ്. ശ്വേത മേനോന്‍ അഭിനയിച്ച 'പലേരി മാണിക്യം', 'രതിനിര്‍വേദം', 'കളിമണ്ണ്', ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യം എന്നിവയിലെ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളിലും അശ്ലീല വെബ്‌സൈറ്റുകളിലും പ്രചരിക്കുന്നുവെന്നും ഇതിലൂടെ ശ്വേത കോടിക്കണക്കിന് രൂപ സമ്പാദിക്കുന്നുവെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം. കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തതോടെ പരാതിക്കാരനെതിരെ സംശയമുന നീളുകയാണ്.
'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോന്‍ മത്സരിക്കുന്നതിനിടെയാണ് ഈ കേസ് ഉയര്‍ന്നുവന്നത്. നടന്‍ ജഗദീഷ് പിന്മാറിയതോടെ ശ്വേതയും നടന്‍ ദേവനും തമ്മിലാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം. ഈ കേസിന് പിന്നില്‍ 'അമ്മ'യ്ക്കുള്ളിലെ ചേരിപ്പോര് ഒരു കാരണമാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. നടി രഞ്ജിനി, ശ്വേതയ്‌ക്കെതിരെ ഉയര്‍ന്ന കേസിനെ 'വ്യാജം' എന്ന് വിശേഷിപ്പിച്ച് പ്രതികരിച്ചു. 'ഇത്തരം അനുഭവങ്ങള്‍ സിനിമാ രംഗത്ത് മുന്‍പും ഉണ്ടായിട്ടുണ്ട്. ശ്വേത പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനാലാണ് ഇത്തരം കേസുകള്‍ ഉയര്‍ത്തുന്നത്,' രഞ്ജിനി ഒരു ചാനലിനോട് പറഞ്ഞു.
ശ്വേത മേനോന്‍ കേസിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് പ്രതികരിച്ചിട്ടുണ്ട്. എഫ്‌ഐആര്‍ റദ്ദാക്കണമെന്നും അന്വേഷണം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്. തന്റെ അഭിനയം സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച ചിത്രങ്ങളിലാണെന്നും കേസിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും ശ്വേത വാദിക്കുന്നു.
ആഗസ്റ്റ് 15-ന് നടക്കാനിരിക്കുന്ന 'അമ്മ' ഭാരവാഹി തിരഞ്ഞെടുപ്പില്‍ ഈ കേസ് ശ്വേതയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തെ ബാധിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. നടന്‍ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനിരുന്നെങ്കിലും ലൈംഗികാതിക്രമ കേസിന്റെ പശ്ചാത്തലത്തില്‍ പിന്മാറിയിരുന്നു. ഈ സാഹചര്യത്തില്‍, ശ്വേതയ്‌ക്കെതിരായ കേസ് തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഗൂഢലക്ഷ്യങ്ങളുടെ ഭാഗമാണോ എന്ന ചര്‍ച്ചകള്‍ സജീവമാണ്.