കന്നുകാലി വ്യാപാരിയുടെ വെടിയേറ്റ് സ്വയം പ്രഖ്യാപിത ഗോരക്ഷകന് ഗുരുതരമായി പരിക്കേറ്റു

03:00 PM Oct 23, 2025 | Neha Nair

ഹൈദരാബാദ്: മെഡ്ചലിലെ രാംപള്ളി ഗ്രാമത്തിൽ ബുധനാഴ്ച കന്നുകാലി വ്യാപാരിയുടെ വെടിയേറ്റ് സ്വയം പ്രഖ്യാപിത ഗോരക്ഷകന് ഗുരുതരമായി പരിക്കേറ്റു. രാംപള്ളി നിവാസിയായ സോനു സിംഗ് എന്ന പ്രശാന്തിനാണ് വെടിയേറ്റത്. ഇയാൾ പ്രാദേശത്തെ ഗോശാലയിൽ ജോലിക്കാരനാണ്. ഹൈദരാബാദ് സ്വദേശിയായ കന്നുകാലി വ്യാപാരി ഇബ്രാഹിം എന്നയാളാണ് വെടിവെച്ചതെന്ന് ആരോപണമുയർന്നു. നേരത്തെ സോനു സിങ് രണ്ടുതവണ ഇബ്രാഹിമിന്റെ വാഹനം തടഞ്ഞിരുന്നു. പ്രശ്‌നം പരിഹരിക്കാനെന്ന വ്യാജേന ഇബ്രാഹിം ഇയാളെ വിളിച്ചുവരുത്തിയെന്നാണ് പറയുന്നത്. സോനുവിന്റെ നെഞ്ചിലും വലതു വയറിലും പരിക്കേറ്റു. 

ആദ്യം ഉപ്പലിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് സെക്കന്തരാബാദിലെ യശോദ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് രചകൊണ്ട പോലീസ് കമ്മീഷണർ സുധീർ ബാബു സ്ഥലത്തെത്തി പരിശോധന നടത്തി. ഒളിവിൽ കഴിയുന്ന ഇബ്രാഹിമിനെ പിടികൂടാൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ബിജെപി പ്രസിഡന്റ് രാമചന്ദർ റാവു, കേന്ദ്രമന്ത്രിമാരായ ജി കിഷൻ റെഡ്ഡി, ബണ്ടി സഞ്ജയ്, എംപി എതല രാജേന്ദ്ര എന്നിവർ ആശുപത്രിയിൽ സോനു സിങ്ങിനെ സന്ദർശിച്ചു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ് ദാ ആവശ്യപ്പെട്ടു. പ്രതിക്ക് എഐഎംഐഎമ്മുമായി ബന്ധമുണ്ടെന്നും ബിജെപി ആരോപിച്ചു.