+

സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയ്ക്ക് പകരം കോണ്‍ഗ്രസ് പതാക ഉയര്‍ത്തി സിപിഐഎം ബ്രാഞ്ച് !

ലോക്കല്‍ കമ്മറ്റി അംഗങ്ങളും പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരും എല്ലാം ദേശീയ പതാക ഉയര്‍ത്തുന്ന ചടങ്ങിനെത്തിയിരുന്നു.

സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയ്ക്ക് പകരം കോണ്‍ഗ്രസ് പതാക ഉയര്‍ത്തി സിപിഐഎം ബ്രാഞ്ച്. ഏലൂര്‍ പുത്തലത്ത് ബ്രാഞ്ചാണ് ദേശീയ പതാകയ്ക്ക് പകരം കോണ്‍ഗ്രസ് പതാക ഉയര്‍ത്തിയത്. 10 മിനുറ്റിനകം പതാക മാറിയത് മനസ്സിലാക്കി കോണ്‍ഗ്രസ് പതാക മാറ്റി ദേശീയ പതാക തന്നെ ഉയര്‍ത്തിയെങ്കിലും വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ലോക്കല്‍ കമ്മറ്റി അംഗങ്ങളും പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരും എല്ലാം ദേശീയ പതാക ഉയര്‍ത്തുന്ന ചടങ്ങിനെത്തിയിരുന്നു. എന്നാല്‍ ആര്‍ക്കും അബദ്ധം പറ്റിയത് മനസിലായിരുന്നില്ല. വിവാദമായതോടെ പാര്‍ട്ടി വിഷയത്തില്‍ ഇടപെട്ടു.
സിപിഐഎം നേതൃത്വം അന്വേഷണം നടത്തിയപ്പോള്‍ അബദ്ധം പറ്റിയതാണെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരണം നല്‍കിയെന്നും കൂടുതല്‍ നടപടികളിലേക്കൊന്നും പാര്‍ട്ടി തല്‍ക്കാലമില്ലെന്നും ലോക്കല്‍ സെക്രട്ടറി കെ ബി സുലൈമാന്‍ അറിയിച്ചു. ദേശീയ പതാക കൂടാതെ എല്ലാ പാര്‍ട്ടികളുടെയും കൊടി തന്റെ പക്കലുണ്ടെന്നും സ്വാതന്ത്ര്യദിനത്തില്‍ ഉയര്‍ത്താനുള്ള കൊടിയെടുത്തപ്പോള്‍ ശ്രദ്ധക്കുറവുണ്ടായതാണെന്നും ലോക്കല്‍ കമ്മറ്റി അംഗം പി എസ് അഷ്റഫ് പറഞ്ഞു.

facebook twitter