മന്ത്രി വീണാ ജോര്‍ജിനെ പരിഹസിച്ചതിന്റെ പേരില്‍ നടപടി നേരിട്ട സിപിഎം നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

08:12 AM Oct 23, 2025 |


കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിട്ടം തകര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് നടപടി നേരിട്ട സിപിഎം നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റുമായ പി ജെ ജോണ്‍സണ്‍ ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മന്ത്രി എന്നല്ല, എംഎല്‍എ ആയിരിക്കാന്‍ പോലും വീണാ ജോര്‍ജിന് യോഗ്യത ഇല്ലെന്നായിരുന്നു ജോണ്‍സന്റെ പോസ്റ്റ്. തുടര്‍ന്ന് ജോണ്‍സനെ സിപിഎമ്മില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഡിസിസി അധ്യക്ഷന്‍ സതീഷ് കൊച്ചുപറമ്പില്‍ പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹത്തായ പാരമ്പര്യമുള്ള സംഘടനയില്‍ അംഗത്വം സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് പി ജെ ജോണ്‍സണ്‍ പ്രതികരിച്ചു.

'ഇന്ന് ഞാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭാഗമായി! ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹത്തായ പാരമ്പര്യമുള്ള ഈ പ്രസ്ഥാനത്തിന്റെ അംഗത്വം സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. രാജ്യത്തിന്റെ മതേതര, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും, ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെടാനും, കോണ്‍ഗ്രസ് പാര്‍ട്ടിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. എല്ലാവരുടെയും പിന്തുണയും പ്രാര്‍ത്ഥനയും പ്രതീക്ഷിക്കുന്നു. ജയ് ഹിന്ദ്'- പി ജെ ജോണ്‍സണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.