ദംഗല്‍ താരം സൈറ വസീം വിവാഹിതയായി

06:59 AM Oct 18, 2025 | Suchithra Sivadas

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ പണംവാരി പടമായ 'ദംഗല്‍' എന്ന സിനിമയിലൂടെ പ്രശസ്തയായ മുന്‍ ബോളിവുഡ് നടി സൈറ വസീം വിവാഹിതയായി. മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിനിമാ മേഖലയില്‍ നിന്ന് വിട്ടുനിന്ന 23 വയസുകാരിയായ സൈറ, അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹത്തിന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചാണ് സന്തോഷ വാര്‍ത്ത അറിയിച്ചത്. ചടങ്ങുകളില്‍ നിന്നുള്ള രണ്ട് ചിത്രങ്ങളാണ് അവര്‍ പങ്കുവെച്ചത്.

ആദ്യ ചിത്രത്തില്‍ വിവാഹ ഉടമ്പടിയില്‍ ഒപ്പിടുന്ന സൈറയെ കാണാം. രണ്ടാമത്തെ ചിത്രത്തില്‍ ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന സൈറയുമുണ്ട്. എന്നാല്‍, പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കാനുള്ള തന്റെ തീരുമാനത്തിന് അനുസൃതമായി, ഇരുവരുടെയും മുഖങ്ങള്‍ ചിത്രങ്ങളില്‍ വ്യക്തമല്ല. ചിത്രങ്ങള്‍ക്കൊപ്പം നല്‍കിയ അടിക്കുറിപ്പില്‍ വിശ്വാസത്തോടും നന്ദിയോടുമുള്ള മനോഭാവം വ്യക്തമായിരുന്നു. 'ഖുബൂല്‍ ഹെ x3' എന്ന് മാത്രമാണ് അവര്‍ കുറിച്ചത്.

2016ല്‍ ആമിര്‍ ഖാന്‍ ചിത്രം 'ദംഗലില്‍' ഗുസ്തിതാരം ഗീത ഫോഗട്ടിന്റെ കുട്ടിക്കാലം അവതരിപ്പിച്ചാണ് സൈറ ശ്രദ്ധേയയായത്. തുടര്‍ന്ന് ആമിര്‍ ഖാന്റെ തന്നെ 'സീക്രട്ട് സൂപ്പര്‍സ്റ്റാര്‍' എന്ന ചിത്രത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് നിരൂപക പ്രശംസയും നിരവധി അവാര്‍ഡുകളും നേടി. പ്രിയങ്ക ചോപ്രയോടൊപ്പം 'ദി സ്‌കൈ ഈസ് പിങ്ക്' എന്ന ചിത്രത്തിലും സൈറ അഭിനയിച്ചു. എന്നാല്‍, കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍, 2019ല്‍ തന്റെ ജോലി വിശ്വാസവുമായി പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സൈറ ബോളിവുഡ് വിടുകയാണെന്ന് പ്രഖ്യാപിച്ചു.
അതിനുശേഷം, പൊതുവേദികളില്‍ നിന്ന് വിട്ടുനിന്ന സൈറ, സാമൂഹിക മാധ്യമങ്ങളിലൂടെ അപൂര്‍വമായി മാത്രമേ വ്യക്തിപരമായ കാര്യങ്ങളോ വിശ്വാസത്തെക്കുറിച്ചുള്ള ചിന്തകളോ പങ്കുവെക്കാറുണ്ടായിരുന്നുള്ളൂ.