
മൈസൂരു: കണ്ണൂർ കല്യാട് ചുങ്കസ്ഥാനത്തെ അഞ്ചാംപുരവീട്ടിൽ സുഭാഷിന്റെ ഭാര്യ ദർശിത (22) കൊല്ലപ്പെട്ട കേസിൽ പ്രതിയെ കുടുക്കാൻ തെളിവായത് ചോരതെറിച്ച വസ്ത്രം. മൈസൂരു സാലിഗ്രാമിലെ എസ്ജിആർ ഹോട്ടലിൽവെച്ച് ഇലക്ട്രിക്ക് ഡിറ്റനേറ്റർ വായിൽ തിരുകി പൊട്ടിച്ചാണ് ആൺസുഹൃത്ത് സിദ്ധരാജു (22) ദർശിതയെ കൊലപ്പെടുത്തിയത്. സ്‌ഫോടനത്തിൽ ദർശിതയുടെ ശരീരത്തിൽനിന്നുള്ള ചോര സിദ്ധരാജുവിന്റെ ഷർട്ടിൽ തെറിച്ചിരുന്നു. ഈ ഷർട്ടാണ് കേസിൽ നിർണായകമായതും സിദ്ധരാജുവിനെ പോലീസ് അറസ്റ്റുചെയ്യാൻ കാരണമായതും.
ഭക്ഷണംവാങ്ങി തിരിച്ചെത്തിയ സിദ്ധരാജു മുറിയുടെ വാതിൽ തുറക്കാനാകുന്നില്ലെന്നുപറഞ്ഞാണ് ഹോട്ടൽജീവനക്കാരെ വിളിച്ചത്. തുടർന്ന് വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് കട്ടിലിൽ ചോരപുരണ്ടനിലയിൽ ദർശിതയുടെ മൃതദേഹം കണ്ടത്. പെട്ടെന്ന് മൃതദേഹമെടുത്ത് ആശുപത്രിയിൽപ്പോകാൻ ശ്രമിച്ച സിദ്ധരാജുവിന്റെ പെരുമാറ്റത്തിൽ സംശയംതോന്നിയ ഹോട്ടൽ ജീവനക്കാർ ഇയാളെ തടയുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. മുറി പരിശോധിച്ച പോലീസിന് ചോരപുരണ്ട സിദ്ധരാജുവിന്റെ ഷർട്ട് ലഭിച്ചു. ഇതോടെയാണ് കൃത്യം നടക്കുമ്പോൾ ഇയാൾ മുറിയിലുണ്ടെന്ന് പോലീസിന് മനസ്സിലായത്.
ദർശിതയെ അടിച്ച് അവശയാക്കിയശേഷം കൈകൾ പുറകിൽ തോർത്തുപയോഗിച്ച് കെട്ടി. തുടർന്ന് ഇലക്ട്രിക് ഡിറ്റനേറ്റർ വായിൽ തിരുകിക്കയറ്റിയശേഷം വൈദ്യുതി കയറ്റിവിടുകയായിരുന്നു. സ്വിച്ച് ഓൺചെയ്തശേഷം ഇയാൾ മുറിയുടെ ഒരുവശത്ത് മാറിനിന്നു. എന്നാൽ, പൊട്ടിത്തെറിക്കിടെ ചോര ഇയാളുടെ ശരീരത്തിലും വസ്ത്രത്തിലും തെറിക്കുകയായിരുന്നു. തുടർന്ന് ഷർട്ട് മാറ്റി ശരീരത്തിലുള്ള ചോര കഴുകി വൃത്തിയാക്കാനാണ് ഇയാൾ മുറിവിട്ട് പുറത്തേക്കുപോയത്. മൊബൈൽ ചാർജർ പൊട്ടിത്തെറിച്ചാണ് മരണമെന്നു വരുത്തിത്തീർക്കാനാണ് പ്രതി ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു.
എന്നാൽ, ഇലക്ട്രിക് ഡിറ്റനേറ്റർ പൊട്ടിത്തെറിച്ച ശബ്ദം പുറത്തുകേട്ടിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. സിദ്ധരാജുവിന്റെ സ്വഭാവത്തിൽ സംശയംതോന്നി. ഇയാൾ പെട്ടെന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാനാണ് ശ്രമിച്ചത്. അതിനാലാണ് പോലീസിനെ ഉടൻ വിവരമറിയിച്ചതെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞു.
കോടതി റിമാൻഡുചെയ്ത സിദ്ധരാജു ഇപ്പോൾ മൈസൂരു ജില്ലാജയിലിലാണ്. ഭർത്താവിന്റെ വീട്ടിൽനിന്ന് നാലുലക്ഷം രൂപയും 30 പവനും ദർശിത കവർന്ന സംഭവത്തിൽ സിദ്ധരാജുവിനും പങ്കുണ്ടെന്നാണ് പോലീസിന്റെ സംശയം. ഈ കേസിൽ ഇയാളെ കസ്റ്റഡിയിൽവാങ്ങാനുള്ള ശ്രമത്തിലാണ് കേരള പോലീസ്.