കുടംബ വഴക്കിനിടെ അച്ഛനെ ഫ്രൈ പാൻ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊന്ന് 32 കാരിയായ മകൾ

04:30 PM Aug 08, 2025 | Neha Nair

ഡൽഹി : കുടംബ വഴക്കിനിടെ മകൾ അച്ഛനെ ഫ്രൈ പാൻ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊന്നു. രാംനഗർ നിവാസിയായ ടെക് ചന്ദ് ഗോയൽ എന്ന 55 കാരനാണ് മകളുടെ അടിയേറ്റ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ മകളായ അനുവിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ഷഹ്ദാരയിലുള്ള വീട്ടിൽ വെച്ചാണ് സംഭവം. വീട്ടിലുണ്ടായ വഴക്കിനിടെ പ്രകോപിതയായ മകൾ പിതാവിനെ കൈയ്യിൽ കിട്ടിയ ഫ്രൈ പാൻ ഉപയോഗിച്ച് തലക്ക് അടിക്കുകയായിരുന്നു.

അടിയേറ്റ് ബോധം കെട്ട് വീണ പിതാവിനെ വിവരമറിഞ്ഞെത്തിയ മകനാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഭാര്യയാണ് സഹോദരി പിതാവിനെ ആക്രമിച്ചെന്ന് വിളിച്ച് പറയുന്നത്. താൻ എത്തുമ്പോൾ അച്ഛൻ ബോധരഹിതനായിരുന്നു. ഉടനെ തന്നെ സമീപത്തുള്ള ജിടിബി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് മകൻ ശിവം പറഞ്ഞു.

സംഭവസമയത്ത് സഹോദരി അനു (32), അമ്മ ബാല ദേവി, ഭാര്യ പ്രിയ (29) എന്നിവർ വീട്ടിലുണ്ടായിരുന്നു. അനു വിവാഹിതയല്ല. മാനസിക ആസ്വസ്ഥ്യുള്ള അനു ഇടക്കിടെ വീട്ടിൽ വഴക്കുണ്ടാക്കാറുണ്ട്. അവർ ചികിത്സയിലാണെന്നും ശിവം പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ അനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അനുവിനെ വിശദമായി ചോദ്യം ചെയ്യുമെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.