സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കൊല്ലം പാലത്തറ സ്വദേശിയായ 65 കാരനാണ് മരിച്ചത്. ഇതോടെ, രോഗം ബാധിച്ച് ഈ മാസം മാത്രം 12 പേർ മരിച്ചു. 65 പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. രണ്ട് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 33 ആയി. പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സംസ്ഥാനത്ത് വലിയ ആശങ്കയാണ് അമീബിക് മസ്തിഷ്ക ജ്വരം സൃഷ്ടിക്കുന്നത്. ആരോഗ്യവകുപ്പ് വലിയ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും മരണനിരക്ക് വർധിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം.97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
Trending :