10 വര്‍ഷത്തിലധികം പഴക്കമുള്ള ആറ് ലക്ഷത്തിലധികം ഗതാഗത നിയമലംഘനങ്ങള്‍ എഴുതിത്തള്ളാനുള്ള തീരുമാനവുമായി ഷാര്‍ജ പോലീസ്

02:24 PM Apr 24, 2025 | Suchithra Sivadas

10 വര്‍ഷത്തിലധികം പഴക്കമുള്ള ആറ് ലക്ഷത്തിലധികം ഗതാഗത നിയമലംഘനങ്ങള്‍ എഴുതിത്തള്ളാനുള്ള തീരുമാനവുമായി ഷാര്‍ജ പോലീസ്. ഏതാനും വ്യവസ്ഥകള്‍ക്ക് വിധേമായാണ് പിഴയിളവ് ലഭിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഗതാഗത നിയമലംഘന കേസുകള്‍, കാലഹരണപ്പെട്ട വാഹന രജിസ്ട്രേഷനുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ നിര്‍ദ്ദേശത്തിന്റെ ഭാഗമായാണ് പിഴകള്‍ എഴുതിത്തള്ളാനുള്ള പുതിയ തീരുമാനം.എന്നാല്‍ നിയമ പ്രകാരം ആ വഹാനങ്ങള്‍ക്കു മേലുള്ള ഗതാഗത പിഴകള്‍ അടയ്ക്കാന്‍ വാഹന ഉടമകള്‍ ബാധ്യസ്ഥരാണ്. ഇത്തരം സാഹചര്യങ്ങള്‍ ഒഴുവാക്കുകയെന്നതാണ് പുതിയ തീരുമാനത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

പഴയ ട്രാഫിക് പിഴകള്‍ ഒഴിവാക്കിക്കിട്ടുന്നതിനായി വാഹന ഉടമകളോ ബന്ധപ്പെട്ടവരോ ഷാര്‍ജയിലെ ട്രാഫിക് ആന്‍ഡ് ലൈസന്‍സിംഗ് സര്‍വീസസ് സെന്റര്‍ സന്ദര്‍ശിക്കണമെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ കേണല്‍ മുഹമ്മദ് അലൈ അല്‍ നഖ്ബി അറിയിച്ചു. ഇളവിന് അപേക്ഷിക്കുന്നതിന്, വ്യക്തികള്‍ 1,000 ദിര്‍ഹം അപേക്ഷാ ഫീസ് നല്‍കണം. എന്നാല്‍ ആകെ പിഴ 1,000 ദിര്‍ഹത്തില്‍ താഴെയുള്ളവര്‍ക്ക് പ്രോസസ്സിംഗ് ഫീസ് നല്‍കേണ്ടതില്ല.

അതേപോലെ വാഹന ഉടമ മരണപ്പെട്ട കേസുകള്‍, ഉടമ 10 വര്‍ഷത്തിലേറെയായി തുടര്‍ച്ചയായി വിദേശത്ത് താമസിക്കുന്ന കേസുകള്‍, വാഹനം ഉപേക്ഷിക്കപ്പെട്ടതിനാല്‍ ഉടമയെ ബന്ധപ്പെടാന്‍ കഴിയാത്ത കേസുകള്‍ തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിലും പിഴ ഇളവിന് പ്രോസസ്സിംഗ് ഫീസ് ഈടാക്കില്ലെന്നും അധികൃതര്‍ അറിയിച്ചു