എണ്ണയിലെ മായം കണ്ടെത്താൻ ഇതാ 5 പൊടിക്കൈകൾ

01:30 PM Oct 18, 2025 | Kavya Ramachandran

പാചകം ചെയ്യാൻ ഉപയോഗിക്കുന്ന എണ്ണയിൽ മായം കലർന്നിട്ടുണ്ടെങ്കിൽ അത് ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് വഴിവയ്ക്കും. എന്നാൽ എണ്ണ ശുദ്ധമാണോ എന്ന് കണ്ടെത്താൻ ചില പൊടിക്കൈകളുണ്ട്
പാചകം ചെയ്യാൻ ഉപയോഗിക്കുന്ന എണ്ണയിൽ മായം കലർന്നിട്ടുണ്ടെങ്കിൽ അത് ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് വഴിവയ്ക്കും. എന്നാൽ എണ്ണ ശുദ്ധമാണോ എന്ന് കണ്ടെത്താൻ ചില പൊടിക്കൈകളുണ്ട്


മണം ശ്രദ്ധിക്കുക

ശുദ്ധമായ എണ്ണയ്ക്ക് അതിന്റേതായ തനതായ മണമുണ്ടാകും. ഉദാഹരണത്തിന്, വെളിച്ചെണ്ണയ്ക്ക് നേരിയ തേങ്ങാ മണവും നല്ലെണ്ണയ്ക്ക് എള്ളിന്റെ മണവും ഉണ്ടാകും. എണ്ണയ്ക്ക് അസ്വാഭാവികമായോ രൂക്ഷമായോ ഒരു ഗന്ധം തോന്നുന്നുണ്ടെങ്കിൽ അത് മായം കലർന്നതാകാൻ സാധ്യതയുണ്ട്. ചിലപ്പോൾ രാസവസ്തുക്കളുടെ മണവും അനുഭവപ്പെട്ടേക്കാം

നിറം നിരീക്ഷിക്കുക

ഓരോ എണ്ണയ്ക്കും അതിൻ്റേതായ നിറമുണ്ട്. ശുദ്ധമായ വെളിച്ചെണ്ണക്ക് തെളിഞ്ഞ വെള്ള നിറമോ നേരിയ മഞ്ഞ നിറമോ ആയിരിക്കും. കടുകെണ്ണയ്ക്ക് കടും മഞ്ഞ നിറമായിരിക്കും. എണ്ണയുടെ നിറം സാധാരണയിൽ കവിഞ്ഞോ വളരെ ഇളം നിറത്തിലോ കാണുകയാണെങ്കിൽ അതിൽ മായം കലരാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന്, സസ്യ എണ്ണയിൽ പലപ്പോഴും രാസവസ്തുക്കൾ ചേർത്ത് നിറം മാറ്റാറുണ്ട്.


തണുപ്പിച്ച് നോക്കുക

വെളിച്ചെണ്ണയിലെ മായം കണ്ടെത്താൻ വളരെ എളുപ്പമുള്ളൊരു മാർഗ്ഗമാണിത്. ഒരു ചെറിയ അളവ് വെളിച്ചെണ്ണ ഒരു ഗ്ലാസ് പാത്രത്തിലെടുത്ത് ഫ്രിഡ്ജിൽ 30 മിനിറ്റ് വെക്കുക. ശുദ്ധമായ വെളിച്ചെണ്ണ മുഴുവനായും ഉറച്ച് കട്ടിയാകും. എന്നാൽ, മായം കലർന്ന വെളിച്ചെണ്ണയാണെങ്കിൽ അടിഭാഗം മാത്രം ഉറക്കുകയും മുകൾഭാഗം ദ്രാവകാവസ്ഥയിൽ തുടരുകയും ചെയ്യും.


ജലപരിശോധന

ഒരു ഗ്ലാസ് വെള്ളമെടുത്ത് അതിലേക്ക് ഒരു സ്പൂൺ എണ്ണ ഒഴിക്കുക. ശുദ്ധമായ എണ്ണ വെള്ളത്തിൽ ലയിക്കില്ല, അത് മുകളിൽ പാടപോലെ പൊങ്ങിക്കിടക്കും. എണ്ണ വെള്ളത്തിൽ കലരുകയോ, വെള്ളത്തിന് അടിയിൽ ചെറിയ തരികളായി അടിഞ്ഞുകൂടുകയോ ചെയ്യുകയാണെങ്കിൽ അത് മായം കലർന്ന എണ്ണയാണ്.

തിളപ്പിച്ച് നോക്കുക

ഒരു ചെറിയ അളവ് എണ്ണ ചൂടാക്കുക. എണ്ണ പെട്ടെന്ന് പുകയുകയോ പതിവില്ലാത്ത രീതിയിൽ ശബ്ദമുണ്ടാക്കുകയോ ചെയ്യുന്നുവെങ്കിൽ അതിൽ മായം കലർന്നിട്ടുണ്ടെന്ന് സംശയിക്കാം.