തിരുവനന്തപുരം: കെ-സ്മാര്‍ട്ട് വഴിയുള്ള തദ്ദേശവകുപ്പിന്റെ സേവനങ്ങള്‍ക്ക് അധികഫീസ് ഈടാക്കാൻ സര്‍ക്കാര്‍. ഓരോസേവനത്തിനും അഞ്ചും പത്തും രൂപവീതം ഡിജിറ്റല്‍ ചെലവായി ഈടാക്കാനാണ് തീരുമാനം. വിവിധരേഖകള്‍ക്കുള്ള തുകയൊഴിച്ച് ഇതുവരെ കെ-സ്മാര്‍ട്ട് സേവനങ്ങള്‍ക്ക് ഫീസീടാക്കിയിരുന്നില്ല.
തദ്ദേശവകുപ്പിനു കീഴിലെ ഇന്‍ഫര്‍മേഷന്‍ കേരള മിഷ(ഐ.കെ.എം.)നാണ് കെ-സ്മാര്‍ട്ട് കൈകാര്യംചെയ്യുന്നത്. സെര്‍വര്‍ സൂക്ഷിപ്പ്, മൊഡ്യൂള്‍ വികസിപ്പിക്കല്‍, സാങ്കേതിക ഓഫീസര്‍മാരെ നിയമിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീമമായ ചെലവുവരുന്നതിനാലാണ് 'ഫീസീടാക്കാനുള്ള തീരുമാനം. അക്ഷയകേന്ദ്രങ്ങള്‍വഴി അപേക്ഷിക്കുന്നവര്‍ക്ക് അവരുടെ സേവനഫീസിനുപുറമേ, ഡിജിറ്റല്‍ ചെലവിനുള്ള ഫീസ് വേറെയും നല്‍കേണ്ടിവരും.
അഞ്ചുരൂപ ഈടാക്കുന്ന സേവനങ്ങള്‍
ജനന-മരണ, സര്‍ട്ടിഫിക്കറ്റുകള്‍, മറ്റു പൗരസേവനങ്ങള്‍. വിവരാവകാശം, ബി.പി.എല്‍. സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കു ബാധകമല്ല.
പത്തുരൂപ ഈടാക്കുന്ന സേവനങ്ങള്‍
വിവാഹ സര്‍ട്ടിഫിക്കറ്റ്, തിരഞ്ഞെടുപ്പാവശ്യത്തിന് ഒഴികെയുള്ള താമസരേഖ, നികുതിയിളവ്, കെട്ടിടത്തിന്റെ കാലപ്പഴക്കം, കുടിശ്ശികയില്ലെന്ന രേഖ, ഉടമസ്ഥാവകാശരേഖ, കെട്ടിട ഉപയോഗ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ്-പുതിയതിനും പുതുക്കലിനും, കെട്ടിട പെര്‍മിറ്റ്, വസ്തുനികുതി.
ഗ്രാമപ്പഞ്ചായത്തുകളില്‍ ജനന-മരണ-വിവാഹ രേഖകള്‍ പൂര്‍ണമായും കെ-സ്മാര്‍ട്ടിലെത്തി
ഗ്രാമപ്പഞ്ചായത്തുകളിലെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കാന്‍ കെ-സ്മാര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തുകളിലെ ജനന- മരണ-വിവാഹ രേഖകള്‍ പൂര്‍ണമായും കെ-സ്മാര്‍ട്ടിലേക്ക് മാറ്റി.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ (ഐ.കെ.എം.) നേതൃത്വത്തിലാണ് ഡേറ്റ പോര്‍ട്ടിങ് നടത്തിയത്.1,03,09,496 ജനന രേഖകളും 62,61,802 മരണ രേഖകളും കെ-സ്മാര്‍ട്ട് സോഫ്റ്റ്വേറിലേക്ക് മാറ്റി.
ഹിന്ദു വിവാഹരജിസ്ട്രേഷനുമായി ബന്ധപ്പെട്ട് 12,33,575 രേഖകളും പൊതുനിയമ വിവാഹ രജിസ്ട്രേഷനുമായി (കോമണ്‍ മാരേജ്) ബന്ധപ്പെട്ട് 28,48,829 രേഖകളും പോര്‍ട്ട് ചെയ്തു. ഇതോടൊപ്പം 28,48,829 വിവാഹചിത്രങ്ങളും പുതിയ സോഫ്റ്റ്വേറിലെത്തി.
ഗ്രാമപ്പഞ്ചായത്തുകള്‍ സ്ഥാപിതമായതുമുതലുള്ള രേഖകളാണ് കെ-സ്മാര്‍ട്ടിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നത്. വിവിധ രജിസ്ട്രേഷനുകള്‍ നിര്‍ബന്ധമാക്കിയതുമുതലുള്ള എല്ലാ രേഖകളും കെ-സ്മാര്‍ട്ട് സോഫ്റ്റ്വേറില് ലഭ്യമാകും. ആകെ 2,35,14,984 രേഖകളാണ് ഇതുവരെ കെ-സ്മാര്‍ട്ടിലേക്ക് മാറ്റിയത്. ഓരോ സര്‍ട്ടിഫിക്കറ്റിനും ഒട്ടേറെ അനുബന്ധ രേഖകളും ഉണ്ടാകും. ഇതടക്കം 12 കോടി രേഖകളാണ് കെ-സ്മാര്‍ട്ടിലെത്തുന്നത്.