
സോഷ്യല്‍ മീഡിയയിലൂടെ നേരിടേണ്ടി വന്ന ബോഡി ഷെയിമിംഗിനെതിരെ പ്രതികരണവുമായി എഴുത്തുകാരിയും കാന്‍സര്‍ അതിജീവിതയും ജോസ് കെ മാണി എം പിയുടെ ഭാര്യയുമായ നിഷ ജോസ് കെ മാണി രംഗത്ത്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ ഭാര്യയായതിനാല്‍ സോഷ്യല്‍ മീഡിയയില്‍ താന്‍ നിരന്തരം ബുള്ളിയിംഗിന് ഇരയായിട്ടുണ്ടെങ്കിലും ഈ തവണ തന്നെക്കുറിച്ച് മാത്രമല്ല എല്ലാ അമ്മമാരെയും കാന്‍സര്‍ അതിജീവിതരെയും ആര്‍ത്തവവിരാമം നേരിടുന്ന സ്ത്രീകളെയുമാണ് ആക്ഷേപിക്കാന്‍ ശ്രമിച്ചതെന്നും നിഷ ജോസ് കെ മാണി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു നിഷയുടെ പ്രതികരണം.
'നിങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ളതുപോലെ ഒരു അമ്മയാണ് ഞാനും. നിങ്ങളുടെ അമ്മമാര്‍ക്കുള്ളതുപോലെ ആര്‍ത്തവവും ആര്‍ത്തവ വിരാമവും ഹോര്‍മോണ്‍ വ്യതിയാനവുമൊക്കെ പ്രകൃത്യാ തന്നെ ലഭിച്ചിട്ടുള്ള സ്ത്രീയാണ് ഞാനും. ഞാന്‍ ഒരു കാന്‍സര്‍ അതിജീവിത കൂടിയാണ് എന്നതു കൂടി അധിക്ഷേപിക്കുന്നവര്‍ ഓര്‍ക്കണ്ടേ..? എന്റെ കുടുംബം ഒരു രാഷ്ട്രീയ കുടുംബമായതുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ധാരാളം അവഹേളനങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഇത് കൂടാതെയാണ് ബോഡി ഷെയിമിംഗ് എന്ന ക്രൂരതയും. പ്രിയ സഹോദങ്ങളേ 'എന്റെ ശരീരം എന്റെ സ്വകാര്യത. എന്റെ സ്വകാര്യത എന്റെ അവകാശം ' അതുകൊണ്ട് പുതിയ ബില്ലിന്റെ പശ്ചാതലത്തില്‍ സ്നേഹപൂര്‍വ്വം ഓര്‍മ്മിപ്പിക്കട്ടേ. ബോഡി ഷെയിമിംഗ് ശിഷാര്‍ഹമായ കുറ്റകൃത്യമാണ്. ബോഡി ഷെയിമിംഗ് തമാശയല്ല. അത് ഒരാളുടെ മൗനം പിളര്‍ന്ന് ഒരു പ്രതിഷേധം തുറക്കേണ്ട സാഹചര്യമാണ്', നിഷ പറഞ്ഞു.
ഇന്‍സ്റ്റാഗ്രാമില്‍ തന്റെ ശരീരത്തെ പരിഹസിച്ച അക്കൗണ്ടുകളുടെ പേരെടുത്ത് പറഞ്ഞായിരുന്നു നിഷ പ്രതികരിച്ചത്. പലപ്പോഴും പ്രതിസന്ധികളെ തരണം ചെയ്ത് മുന്നിലേക്ക് വരുമ്പോഴാണ് ഇത്തരത്തിലുള്ള അക്കൗണ്ടുകളില്‍ നിന്ന് കമന്റുകള്‍ വരുന്നതെന്ന് നിഷ പറഞ്ഞു. ഇങ്ങനെ ബോഡി ഷെയിമിങ് നടത്തുന്നത് ശരിയല്ലെന്നും നിഷ വീഡിയോയില്‍ പറയുന്നു.