പൈറസി സൈറ്റായാണ് പലരും ടെലിഗ്രാമിനെ ഉപയോഗിക്കുന്നത്. സിനിമ, പാട്ടുകൾ, ക്രാക്ക് ചെയ്ത ആപ്പുകൾ മുതലായവ ഡൗൺലോഡ് ചെയ്യാനായാണ് മെസേജിങ് ആപ്പ് എന്നലതിലുപരി പലരും ടെലിഗ്രാമിനെ ഉപയോഗിക്കുന്നത്. പ്രീമിയം ഓപ്ഷനുകൾ പൈസ ചെലവില്ലാതെ ലഭിക്കും എന്നതാണ് ഇത്തരത്തിൽ മോഡ് ആപ്പുകളെ ഡൗൺലോഡ് ചെയ്യാൻ പ്രേരിപ്പിക്കുന്ന ഘടകം.
എന്നാൽ ഇത് അത്ര സുരക്ഷിതമല്ല. കാരണം സുരക്ഷാ ഫീച്ചറുകൾ ഓഫാക്കി ഡൗൺലോഡ് ചെയ്യുന്ന ഇത്തരം ആപ്പുകൾക്ക് നിങ്ങളുടെ ഫോണിലെ പാസ്‌വേഡുകൾ, ഫോട്ടോകൾ ഉൾപ്പെടെ എല്ലാം ചോർത്താൻ സാധിക്കും. മാത്രമല്ല നിങ്ങളുടെ കൈയ്യിലിരിക്കുന്ന ഫോണിന്റെ പരിപൂർണ നിയന്ത്രണവും ഹാക്കർക്ക് സ്വന്തമാക്കാൻ സാധിക്കും എന്നത് ഇതിനെ അപകടം വർധിപ്പിക്കുന്നു.
‘എംഒഡി എപികെ’ എന്ന യഥാർത്ഥ പതിപ്പിന്റെ പരിഷ്കരിച്ച രൂപമാണ് ടെലിഗ്രാമിൽ ലഭിക്കുന്നത്. ആപ്ലിക്കേഷൻ നിർമിക്കുന്ന യഥാർത്ഥ ഡെവലപ്പറായിരിക്കില്ല ഇത് നിർമിക്കുന്നത്. പകരം ഒരു വ്യക്തിയോ കോഡിങ് ചെയ്യുന്ന ഒരു കൂട്ടം ആളുകളോ ആയിരിക്കും. ഇവരുടെ പ്രധാന ലക്ഷ്യം സൗജന്യമായി ആപ്പ് ലഭ്യമാക്കുക എന്നതല്ല പകരം നിങ്ങളുടെ ഡിവൈസിലെ വിവരങ്ങൽ ചോർത്തുക എന്നതായിരിക്കും.
പ്രീമിയം ഓപ്ഷനുകൾ അൺലോക്ക് ചെയ്ത എഐ, വീഡിയോ മേക്കിങ്, ഒടിടി ആപ്പുകളാണ് ഇത്തരത്തിൽ വ്യാപകമായി ഡൗൺലോഡ് ചെയ്യപ്പെടുന്നത്. കൗമാരക്കാരും യുവാക്കളുമാണ് കൂടുതലായും പണച്ചെലവില്ലാതെ ആപ്പ് ഉപയോഗിക്കാമെന്ന ചിന്തയിൽ ഇവ ഡൗൺലോഡ് ചെയ്യുന്നത്.
ടെലിഗ്രാം ഗ്രൂപ്പായ ‘GETMODPC’ യിലൂടെയാണ് ഇത്തരം ആപ്പുകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. മലയാളികളുൾപ്പടെ 26 ലക്ഷം സബ്സ്ക്രൈബർമാരാണ് ഇതിലുള്ളത്. ഇത്തരത്തിൽ നിരവധി ചാനലുകളും പ്രൈവറ്റ് ഗ്രൂപ്പുകളും ടെലിഗ്രാമിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയിലെ ഡൗൺലോഡ് ബട്ടൺ അമർത്തുന്നതിന് മുമ്പ് ആലോചിക്കുക.