+

അയ്യനെ കാണാൻ രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിലേക്ക് ; ദർശനത്തിനെത്തുക അടുത്തമാസം മധ്യത്തോടെ

അയ്യപ്പ ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിലേക്ക് എത്തിയേക്കും. അടുത്ത മാസം മേയിൽ ഇടവ മാസ പൂജയ്ക്ക് ദർശനത്തിനെത്താനാണ് ആലോചിക്കുന്നത്.

തിരുവനന്തപുരം : അയ്യപ്പ ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിലേക്ക് എത്തിയേക്കും. അടുത്ത മാസം മേയിൽ ഇടവ മാസ പൂജയ്ക്ക് ദർശനത്തിനെത്താനാണ് ആലോചിക്കുന്നത്. രാഷ്ട്രപതി ഭവൻ ദർ‌ശനം സംബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ബന്ധപ്പെട്ടതായാണ് വിവരം.

മീനമാസ പൂജ കഴിഞ്ഞ് മാർച്ചിൽ പൊലീസ് ക്രമീകരണങ്ങൾ പരിശോധിച്ചിരുന്നു. സുരക്ഷാ,​ താമസ കാര്യങ്ങളാണ് പരിശോധിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ താമസസൗകര്യവും മറ്റുമാണ് അന്വേഷിച്ചത്. പത്തനംതിട്ട ജില്ലാ കളക്ടറും വിവരങ്ങൾ തേടിയിരുന്നു. ദേവസ്വം ബോർഡിന്റെ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറിൽ നിന്നടക്കം വിവരങ്ങൾ ശേഖരിച്ചു. പമ്പയിൽനിന്ന് സന്നിധാനം വരെ നടന്നുകയറുമ്പോഴുള്ള ക്രമീകരണങ്ങൾ രാഷ്ട്രപതിയുടെ നഴ്സിങ് സൂപ്രണ്ട് തേടിയിരുന്നു.

നിലയ്ക്കൽ വരെ ഹെലികോപ്ടറിൽ എത്തിയശേഷം പമ്പയിൽനിന്ന് നടന്ന് സന്നിധാനത്തേക്ക് എത്തുന്ന തരത്തിലാവും ദർശനം ക്രമീകരിക്കുക എന്നാണ് അറിയുന്നത് . അതേസമയം രാഷ്ട്രപതി എന്ന് എത്തുമെന്ന് ഔദ്യോഗികമായി ദേവസ്വം ബോർഡിന് അറിയിപ്പ് ലഭിച്ചിട്ടില്ല. ഇടവമാസ പൂജയ്ക്കിടെ മേയ് 17നോട് അടുത്ത് ദർശനത്തിനായി ഒരുക്കങ്ങൾ നടത്താനാണ് ദേവസ്വം ബോർഡ് നൽകിയ നിർദേശം. മേയ് 14 മുതൽ 19 വരെ നടതുറന്നിരിക്കും. ആ ദിവസങ്ങൾ സൗകര്യപ്രദമാണെന്ന അറിയിപ്പ് നൽകിയിട്ടുണ്ട്. ഗുരുവായൂർ അടക്കമുള്ള ക്ഷേത്രങ്ങളിലെ ദർശനത്തിന്റെ ഭാഗമായാണ് രാഷ്ട്രപതി ശബരിമലയിൽ എത്തുന്നതെന്നും വിവരമുണ്ട്.

facebook twitter