ഇൻസ്റ്റഗ്രാമിലെ ‘ഡ്രോ’ ഫീച്ചറാണിപ്പോൾ ‘ജെൻസി’കൾക്കിടയിൽ സംസാരവിഷയം. ഇൻസ്റ്റാഗ്രാം ഡിഎമ്മില്‍ ചാറ്റുകള്‍ ഓപ്പണ്‍ ചെയ്‌താല്‍ ഈ കുത്തിവരകൾ കൊണ്ട് നിറയുകയാണ്. മെസ്സേജ് ബോക്സുകളിൽ വരയ്ക്കാനും ക്രിയേറ്റിവ് ആയ സന്ദേശങ്ങൾ അയക്കാനും പറ്റുന്ന തരത്തിലുള്ള രസകരമായ ഫീച്ചറാണിത്. റീലുകളിലും ഈ ഫീച്ചർ വൻതരംഗമായികൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് ഈ ഡ്രോ ഫീച്ചർ ഉപയോഗിക്കുക എന്ന് നോക്കാം.
ആദ്യം സന്ദേശം അയക്കേണ്ട വ്യക്തിയുടെ ചാറ്റ്‌ബോക്‌സ് തുറക്കുക. ശേഷം താഴെ വലതുവശത്തുള്ള ‘+’ (പ്ലസ്) ഐക്കൺ അല്ലെങ്കിൽ ഡൂഡിൾ ഐക്കൺ ക്ലിക്ക് ചെയ്ത് ‘ലൊക്കേഷൻ’, ‘എഐ ഇമേജസ്’ എന്നീ ഓപ്ഷനുകൾക്ക് താഴെയായി കാണുന്ന ‘ഡ്രോ’ ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിൽ വരയ്ക്കേണ്ട നിറം തെരഞ്ഞെടുത്തതിന് ശേഷം നമുക്ക് ഇഷ്ടമുള്ളതെല്ലാം വരയ്ക്കാം. സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയുടെ മുകളിൽ പോലും ഇതുപയോഗിച്ച് വരയ്ക്കാൻ സാധിക്കും. സ്‌ക്രീനിന്റെ ഇടതുവശത്ത് കാണുന്ന സ്ലൈഡർ ഉപയോഗിച്ച് വരയുടെ വലിപ്പം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. വരച്ചു കഴിഞ്ഞാൽ ‘സെൻ്റ്’ ബട്ടൺ ക്ലിക്കുചെയ്താൽ അയക്കുന്ന ആൾക്ക് ലഭിക്കും.
പുതിയ ഈ ഫീച്ചർ വെറുതെ വരയ്ക്കുന്നതിന് മാത്രമല്ല. ലഭിച്ച റീലുകൾക്കോ ക്ഷണങ്ങൾക്കോ മറുപടിയായി രസകരമായ ചിത്രങ്ങളോ റിയാക്ഷനുകളോ വരച്ച് നൽകാൻ ഇത് ഉപയോഗിക്കാം. വരച്ച ശേഷം അയച്ച സന്ദേശത്തിലെ വരകൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ, ക്ലോസ് ഐക്കൺ ക്ലിക്ക് ചെയ്‌ത് വീണ്ടും വരയ്ക്കാനും നമുക്ക് സാധിക്കും. അയച്ച ശേഷം വരകളിൽ ലോംഗ് പ്രസ് ചെയ്‌താൽ ‘ഹൈഡ് ഓൾ’, ‘ഡിലീറ്റ്’ എന്നീ ഓപ്ഷനുകൾ ഉപയോഗിച്ച് വരകൾ മായ്ച്ചു കളയാനും സാധിക്കും.