ആറാം ക്ലാസുകാരിയായ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച് ഒന്‍പതാം ക്ലാസുകാരന്‍ ; ലഹരിക്ക് അടിമയായ വിദ്യാര്‍ഥിക്ക് ലഹരിക്കച്ചവടവുമായും ബന്ധം

03:01 PM Mar 04, 2025 | Neha Nair

കൊച്ചി : സംസ്ഥാനത്ത് ലഹരിക്കടിമയായവരുടെ അക്രമങ്ങൾ വർധിക്കുകയാണ്.സർക്കാർ ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുമ്പോള്‍ വീണ്ടും കൊച്ചി നഗരത്തെ നടുക്കി പീഡന വാർത്ത.

കൊച്ചിയിൽ ഒൻപതാം ക്ലാസുകാരൻ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവമാണു പുറത്തു വന്നിരിക്കുന്നത്. ലഹരിക്ക് അടിമയാണ് ഒൻപതാം ക്ലാസുകാരൻ. പാലാരിവട്ടം പൊലീസ് പോക്സോ വകുപ്പുകൾ അടക്കം ചുമത്തി കേസുകളെടുത്തിട്ടുണ്ട്.

2024 ഡിസംബറിലാണു നാടിനെ നടുക്കിയ പീഡനമുണ്ടാകുന്നത്. ലഹരിക്ക് അടിമയായ സഹോദരൻ ആറാം ക്ലാസിൽ പഠിക്കുന്ന സഹോദരിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ വച്ചായിരുന്നു സംഭവം. ഭയം മൂലം ഇത് ആരോടും പറയാതിരുന്ന പെൺകുട്ടി സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെട്ടതോടെ സഹപാഠികളോടു വിവരം പറയുകയായിരുന്നു.

ഇവർ വഴി അധ്യാപകർ അറിഞ്ഞതിനെത്തുടർന്ന് സ്കൂൾ അധികൃതർ ശിശുക്ഷേമ സമിതിയിൽ വിവരം അറിയിച്ചു. ശിശുക്ഷേമ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പെൺകുട്ടിക്കു ശിശുക്ഷേമ സമിതി തുടർച്ചയായി കൗൺസിലിങ് നടത്തുന്നുണ്ട്.

ശിശുക്ഷേമ സമിതിയിൽനിന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഒൻപതാം ക്ലാസുകാരനെ കുറിച്ച് അന്വേഷിച്ച പൊലീസിനു ഞെട്ടിക്കുന്ന മറ്റൊരു വിവരം കൂടി ലഭിച്ചു. ഒൻപതാം ക്ലാസുകാരൻ ലഹരിക്ക് അടിമ മാത്രമല്ലെന്നും ആവശ്യക്കാർക്ക് ഇവ എത്തിച്ചു കൊടുക്കുന്ന ഏജന്റായും പ്രവർത്തിച്ചിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.

അടുത്തിടെയാണ്, പത്താം ക്ലാസുകാരൻ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ലഹരി കലർന്ന മിഠായി നൽകി പീഡിപ്പിച്ച വിവരം കൊച്ചിയിലുണ്ടായത്. തുടർന്നു പത്താം ക്ലാസുകാരനെ അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിൽ ആക്കുകയായിരുന്നു. പത്താം ക്ലാസുകാരന്റെയും സുഹൃത്തുക്കളുടെയും സമൂഹമാധ്യമ അക്കൗണ്ടിലടക്കം ലഹരി ഉപയോഗത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമുണ്ടായിരുന്നു.