+

സ്വകാര്യ ആശുപത്രികളിലെ ചൂഷണങ്ങൾ തടയാൻ സർക്കാർ നയമുണ്ടാക്കണം: സുപ്രീംകോടതി

സ്വകാര്യആശുപത്രികളിൽ രോഗികളെയും ബന്ധുക്കളെയും ചൂഷണങ്ങൾക്ക്‌ ഇരയാക്കുന്നത്‌ തടയാൻ നയമുണ്ടാക്കണമെന്ന്‌ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട്‌ സുപ്രീംകോടതി നിർദേശിച്ചു . മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, പരിശോധനകൾ തുടങ്ങിയ കാര്യങ്ങൾ സ്വകാര്യ ആശുപത്രികളിൽ നിന്ന്‌ തന്നെ വാങ്ങണമെന്ന രീതിയിലുള്ള നിബന്ധനകൾ ഉണ്ടാകരുത്‌

ന്യൂഡൽഹി: സ്വകാര്യആശുപത്രികളിൽ രോഗികളെയും ബന്ധുക്കളെയും ചൂഷണങ്ങൾക്ക്‌ ഇരയാക്കുന്നത്‌ തടയാൻ നയമുണ്ടാക്കണമെന്ന്‌ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട്‌ സുപ്രീംകോടതി നിർദേശിച്ചു . മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, പരിശോധനകൾ തുടങ്ങിയ കാര്യങ്ങൾ സ്വകാര്യ ആശുപത്രികളിൽ നിന്ന്‌ തന്നെ വാങ്ങണമെന്ന രീതിയിലുള്ള നിബന്ധനകൾ ഉണ്ടാകരുത്‌. സാമാന്യ യുക്തിക്ക്‌ വഴങ്ങാത്ത ഭാരിച്ച ചികിത്സാചെലവുകളും ചൂഷണങ്ങളും തടയണം. ഇതിന്‌ അനുയോജ്യമായ നയങ്ങളുണ്ടാക്കണം– ജസ്‌റ്റിസ്‌ സൂര്യകാന്ത്‌ അധ്യക്ഷനായ ബെഞ്ച്‌ സർക്കാരുകളോട്‌ നിർദേശിച്ചു.

സ്വകാര്യ ആശുപത്രികളെ ബുദ്ധിമുട്ടിലാക്കുന്ന തരത്തിലുള്ള കർശന നിയന്ത്രണങ്ങളോ ബലപ്രയോഗങ്ങളോ പാടില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. സംസ്ഥാന ആരോഗ്യ സംവിധാനത്തിൽ സ്വകാര്യ ആശുപത്രികൾ നിർണായക പങ്ക്‌ വഹിക്കുന്നുണ്ടെന്ന വസ്‌തുത അവഗണിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. സ്വകാര്യ ആശുപത്രികളിലെ ഭാരിച്ച ചികിത്സാചെലവും മരുന്നുവിലയും മറ്റും തടയാൻ നടപടികൾ സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജിയാണ്‌ സുപ്രീംകോടതി പരിഗണിച്ചത്‌. 

സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ്‌ കോടതി ഉത്തരവിലൂടെ കുറയ്‌ക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടെന്ന്‌ സുപ്രീംകോടതി വിശദീകരിച്ചു. നടപ്പാക്കാൻ ബുദ്ധിമുട്ടുള്ള ഉത്തരവുകൾ പുറത്തിറക്കാൻ കഴിയില്ല. ഇന്ന്‌ ഞങ്ങൾ ഒരുത്തരവ്‌ ഇറക്കിയാൽ നാളെ അത്‌ തമാശയാകരുതെന്ന്‌ നിർബന്ധമുണ്ടെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.

Trending :
facebook twitter