ചെന്നൈ: മയക്കുമരുന്നുകേസില്‍ അറസ്റ്റിലായ നടന്മാരായ ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഇരുവരും 10,000 രൂപ കെട്ടിവെക്കണം. ഇതേതുകയ്ക്ക് തത്തുല്യമായി രണ്ടുപേരുടെ ആള്‍ജാമ്യവും കോടതി വ്യവസ്ഥചെയ്തിട്ടുണ്ട്. മറ്റൊരു നോട്ടീസ് ഉണ്ടാവുന്നതുവരെ ഇരുവരോടും ദിവസവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവാനും കോടതി നിര്‍ദേശിച്ചു.
നേരത്തെ, എന്‍ഡിപിഎസ് പ്രത്യേക കോടതി ഇരുവരുടേയും ജാമ്യഹര്‍ജി തള്ളിയിരുന്നു. ജൂണ്‍ 23-നായിരുന്നു ശ്രീകാന്ത് പിടിയിലായത്. പിന്നാലെ 26-ന് കൃഷ്ണയും കസ്റ്റഡിയിലായി. മയക്കുമരുന്നുകേസില്‍ പിടിയിലായ പ്രദീപ് കുമാര്‍ എന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇരുവരുടേയും അറസ്റ്റ്.
പിടിയിലാവുമ്പോള്‍ ശ്രീകാന്തിന്റെ പക്കല്‍നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ലെന്ന് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. അന്വേഷണവുമായി സഹകരിച്ചിട്ടും കൃഷ്ണയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും കോടതിയെ അറിയിച്ചു.
വാദം കേള്‍ക്കവെ, ഇരുവരില്‍നിന്നും എത്ര അളവില്‍ മയക്കുമരുന്ന് കണ്ടെടുത്തു എന്ന ചോദ്യം കേസ് പരിഗണിച്ച ജസ്റ്റിസ് നിര്‍മല്‍ കുമാര്‍ ഉന്നയിച്ചിരുന്നു. കൊലപാതകശ്രമവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് വിതരണത്തെക്കുറിച്ചുള്ള വിശാലമായ അന്വേഷണത്തില്‍നിന്നാണ് അറസ്റ്റുകള്‍ ഉണ്ടായതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വിശദീകരിച്ചു.