സൈപ്രസ് ആസ്ഥാനമായുള്ള നിയമവിരുദ്ധ വാതുവെപ്പ് പ്ലാറ്റ്ഫോമിന്റെ 110 കോടി കോടി രൂപ മരവിപ്പിച്ച് ഇ.ഡി

12:15 PM Aug 15, 2025 | Neha Nair

മുംബൈ : സൈപ്രസ് ആസ്ഥാനമായുള്ള നിയമവിരുദ്ധ ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമായ ‘പാരിമാച്ചി’നെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ നീക്കം. മ്യൂൾ ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിച്ചിരുന്ന 110 കോടി രൂപ മരവിപ്പിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. പലയിടങ്ങളിലായി ഇ.ഡി നടത്തിയ റെയ്ഡിൽ കുറഞ്ഞത് 1,200 ക്രെഡിറ്റ് കാർഡുകളും പിടിച്ചെടുത്തു.

സ്‌പോർട്‌സ് സ്‌പോൺസർഷിപ്പുകളും സെലിബ്രിറ്റി അംഗീകാരങ്ങളും ഉൾപ്പെടെയുള്ള അനധികൃത മാർക്കറ്റിങ് തന്ത്രത്തിലൂടെയാണ് ഈ പ്ലാറ്റ്‌ഫോം പ്രാധാന്യം നേടിയതെന്ന് ഇ.ഡി പറയുന്നു. ഉയർന്ന വരുമാനം നൽകി നിക്ഷേപകരെ വഞ്ചിക്കുകയും ഒരു വർഷത്തിൽ 3,000 കോടി രൂപയിലധികം സമ്പാദിക്കുകയും ചെയ്തതായി ആരോപിക്കപ്പെടുന്നു.

ക്രിക്കറ്റ് താരങ്ങളായ സുനിൽ നരെയ്ൻ, നി​ക്കോളാസ് പൂരാൻ, ബോളിവുഡ് നടി, ഇന്ത്യൻ റാപ്പ് താരം തുടങ്ങിയവർ ഇതിന്റെ ബ്രാൻഡ് അംബാസഡർമാരായിരുന്നുവെന്നും പറയുന്നു. പാരിമാച്ച് ഡോട്ട് കോമിനെതിരെ മുംബൈയിലെ സൈബർ പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത എഫ്‌.ഐ.ആറിന്റെ അടിസ്ഥാനത്തൺലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.

സ്‌പോർട്‌സ് ടൂർണമെന്റുകളുടെ സ്‌പോൺസർഷിപ്പും പ്രശസ്ത സെലിബ്രിറ്റികളുമായുള്ള പങ്കാളിത്തവും ഉൾപ്പെടെയുള്ള അനധികൃത മാർക്കറ്റിങ്ങിലൂടെയാണ് പ്ലാറ്റ്‌ഫോം ആളുകൾക്കിടയിൽ സ്ഥാനം ഉറപ്പിച്ചതെന്ന് പാരിമാച്ചിനെതിരായ അന്വേഷണത്തിൽ കണ്ടെത്തി.