ആലുവയിൽ വയോധികയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

07:30 PM Jun 14, 2025 | AVANI MV

ആലുവ: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തായ്ക്കാട്ടുകര സ്വദേശി ഓമനയുടെ മൃതദേഹമാണ് ഇന്നലെ വീടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചുനാളുകളായി ഈ വീട്ടിൽ ഒറ്റയ്ക്കായിരുന്നു ഓമന താമസിച്ചിരുന്നത്.

അതേസമയം രണ്ടുദിവസം പഴക്കമുള്ള മൃതദേഹം എലികടിച്ച നിലയിലാണ് കണ്ടെത്തിയത്. രണ്ടുദിവസമായി ഓമനയെ പുറത്തേക്ക് കാണാത്തതിനെ തുടർന്നാണ് ബന്ധുക്കൾ അന്വേഷിച്ചെത്തിയത്. വീടിനുള്ളിൽ നിന്നും ദുർഗന്ധം വന്നതോടെയാണ് ഇവർ അകത്തുകയറി നോക്കിയത്. മൃതദേഹം കണ്ടതോടെ ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചു.‌‌

പോലീസെത്തി പ്രാഥമിക പരിശോധനകൾ നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടോ എന്നത് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നശേഷമേ വ്യക്തമാകുകയുള്ളൂ എന്ന് പോലീസ് വ്യക്തമാക്കി.