
വത്തിക്കാൻ സിറ്റി: ആണവ ഭീഷണികളിൽ നിന്ന് മുക്തമായ ഒരു സുരക്ഷിത ലോകം കെട്ടിപ്പടുക്കണമെന്ന് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. ഇസ്രയേൽ – ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് മാർപാപ്പയുടെ പ്രതികരണം വന്നിരിക്കുന്നത്. നീതി, സാഹോദര്യം, പൊതുനന്മ എന്നിവയിൽ അധിഷ്ഠിതമായ ശാശ്വത സമാധാനം കെട്ടിപ്പടുക്കുന്നതിനായി പരസ്പര ബഹുമാനത്തോടെയുള്ള ചർച്ചകൾ നടക്കണം. ആരും ഒരിക്കലും മറ്റൊരാളുടെ നിലനിൽപ്പിനെ ഭീഷണിപ്പെടുത്തരുത്. സമാധാനത്തിൻറെ ലക്ഷ്യത്തെ പിന്തുണയ്ക്കുകയും അനുരഞ്ജനത്തിൻറെ പാതകൾ തുറക്കുകയും വേണം. എല്ലാവർക്കും സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്ന പരിഹാരങ്ങൾക്കായി ശ്രമിക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും കടമയാണെന്നും പോപ്പ് പ്രതികരിച്ചു.
അതേസമയം, ഇറാൻ – ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുകയാണ്. തുടർച്ചയായ രണ്ടാം രാത്രിയും ഇസ്രയേലി നഗരങ്ങൾക്കുമേൽ ഇറാൻ മിസൈലാക്രമണം നടത്തി. മിസൈൽ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇസ്രയേലി നഗരങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു. അതേസമയം ഇറാൻറെ എണ്ണപ്പാടങ്ങളിൽ അടക്കം ഇസ്രയേൽ കനത്ത ആക്രമണം നടത്തി. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ വ്യാപക നാശനഷ്ടമുണ്ടായി. ഇറാനിലെ ബന്ദർ അബ്ബാസിലും ഇസ്രയേൽ ആക്രമണം നടത്തി. ഇന്നലെ രാത്രിയാണ് ഇറാനിയൻ നാവികസേനയുടെ പ്രധാന കേന്ദ്രമായ ബന്ദർ അബ്ബാസിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രതികരിച്ചു. ഇറാനിലെ എണ്ണപ്പാടവും ഇസ്രയേൽ ആക്രമിച്ചിരുന്നു. ബുഷഹ്ർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിക്കപ്പെട്ടത്. ലോകത്തേറ്റവും വലിയ ഗ്യാസ് ഫീൽഡിലൊന്നാണിത്.