ആലപ്പുഴ തോട്ടപ്പള്ളിയിലെ അറുപതുകാരിയുടെ കൊലപാതകത്തില്‍ പൊലിസ് ആദ്യം അറസ്റ്റ് ചെയ്ത അബൂബക്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ആലപ്പുഴ സെഷന്‍സ് കോടതിയാണ് ജാമ്യപേക്ഷ പരിഗണിക്കുക. ഇയാള്‍ക്കെതിരെ ചുമത്തിയ കൊലപാതക കുറ്റം ഒഴിവാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിരപരാധിയാണെന്ന് കാണിച്ച് അബൂബക്കര്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ റിമാന്റില്‍ കഴിയുന്ന അബൂബക്കര്‍ കേസില്‍ മൂന്നാം പ്രതിയാണ്. ഇയാള്‍ക്കെതിരെ ബലാത്സംഗ കുറ്റം, അതിക്രമിച്ചുകയറല്‍ എന്നിവയാണ് പോലിസ് ചുമത്തിയത്. 60 കാരിയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സ്ഥാപിച്ച് പോലിസ് ആദ്യം അബൂബക്കറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് സൈനുലാബ്ദീന്‍, ഭാര്യ അനീഷ എന്നിവര്‍ കൊല്ലം മൈനാഗപ്പള്ളിയില്‍ നിന്ന് പിടിയിലായി. ഇവരായിരുന്നു യഥാര്‍ത്ഥത്തില്‍ കൊലപാതകം നടത്തിയത്. സൈനുലാബ്ദീന്‍ റിമാന്റിലാണ്. അസുഖബാധിതയായതിനെ തുടര്‍ന്ന് അനീഷ പോലിസ് നിരീക്ഷണത്തില്‍ ചികിത്സയില്‍ തുടരുകയാണ്.