
തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന ശക്തമായ മഴയിൽ കെഎസ്ഇബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിന് വലിയ നാശനഷ്ട്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. വൈദ്യുതി അപകടങ്ങളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. വൈദ്യുതി അപകടം ഒഴിവാക്കാൻ പൊതുജനങ്ങൾ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.
കനത്ത മഴയിൽ രാത്രികാലങ്ങളിൽ മരം വീണും മറ്റും വൈദ്യുത കമ്പികൾ പാതയോരത്തും വെള്ളക്കെട്ടുകളിലും പൊട്ടിക്കിടക്കാൻ സാധ്യതയുണ്ട്. അതിരാവിലെ പത്ര വിതരണത്തിനും, റബ്ബർ ടാപ്പിംഗിനും, മറ്റ് ആവശ്യങ്ങൾക്കും പുറത്തിറങ്ങുന്നവർ തികഞ്ഞ ജാഗ്രത പുലർത്തണം.
പൊട്ടിക്കിടക്കുന്ന വൈദ്യുതകമ്പിയിൽ മാത്രമല്ല സമീപത്തും വൈദ്യുതപ്രവാഹമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാതൊരു കാരണവശാലും സമീപത്തേക്ക് പോകരുത്. ആരേയും പോകാൻ അനുവദിക്കുകയും അരുത്. കെഎസ്ഇബി ജീവനക്കാർ എത്തുന്നതുവരെ മറ്റുള്ളവർ അപകടത്തിൽപ്പെടാതിരിക്കുവാൻ വേണ്ട ജാഗ്രത പാലിക്കണം. പൊട്ടിയ ലൈൻ വെള്ളത്തിൽ കിടക്കുകയാണെങ്കിൽ ആ വെള്ളത്തിൽ സ്പർശിക്കരുത്.
ആർക്കെങ്കിലും ഷോക്കേറ്റാൽ അയാളുടെ ശരീരത്തിൽ നേരിട്ട് സ്പർശിക്കാതെ ഉണങ്ങിയ കമ്പോ, വൈദ്യതി കടത്തിവിടാത്ത മറ്റെന്തെങ്കിലും വസ്തുവോകൊണ്ട് ഷോക്കേറ്റ ആളിനെ ലൈനിൽ നിന്നും മാറ്റുകയും പ്രഥമ ശുശ്രൂഷ നൽകി എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്യേണ്ടതാണ്. വൈദ്യുതി ലൈനുകൾ അപകടകരമായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സമീപത്തെ കെഎസ്ഇബി ഓഫീസിലോ 94 96 01 01 01 എന്ന എമർജൻസി നമ്പരിലോ അറിയിക്കണം.