
മഴക്കാലമെത്തിയിട്ടും വൈദ്യുതി ബില്ലിൽ കുറവൊന്നുമില്ലെന്ന് പരാതി പറയുന്നവരുണ്ടാകും. എന്നാൽ നിങ്ങളുടെ ചെറിയ അശ്രദ്ധമതി വൈദ്യുതി ബിൽ ഇരട്ടിയാക്കാൻ. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വൈദ്യുതി ബിൽ 50% വരെ കുറയ്ക്കാൻ സാധിക്കും.
വൈദ്യുത ബിൽ കുറയ്ക്കാനുള്ള ഏറ്റവും മികച്ച മാർഗമാണ് സോളാർ ഊർജ്ജം പ്രയോജനപ്പെടുത്തുക എന്നത്. ഒരു ചെറിയ റൂഫ് ടോപ് പാനലിൽ നിന്നു പോലും 1 കിലോവാട്ട് ശേഷിയുള്ള പ്ലാന്റിന് 45 യൂണിറ്റ് വൈദ്യുതി പ്രതിദിനം ഉല്പാദിപ്പിക്കാൻ സാധിക്കും. ഒരു ഫാൻ, ഏതാനും ലൈറ്റുകൾ, ചെറിയ അപ്ലയൻസുകൾ മുതലായവ പ്രവർത്തിപ്പിക്കാൻ ഇത് ധാരാളമാണ്.
എൽ.ഇ.ഡി ലൈറ്റുകൾ ഉപയോഗിച്ചു കൊണ്ട് വൈദ്യുത ബില്ലിൽ വലിയ കുറവ് വരുത്താൻ സാധിക്കും.
ഊർജ്ജക്ഷമത കൂടിയ 5 സ്റ്റാർ റേറ്റിങ്ങുള്ള ഹോം അപ്ലയൻസുകൾ വാങ്ങാൻ ശ്രദ്ധിക്കുക. ഇവയ്ക്ക് വില അല്പം കൂടുതലായിരിക്കുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുത ബില്ലിൽ നേട്ടം നൽകും.
എല്ലായ്‌പ്പോഴും എ.സിയുടെ തണുപ്പ് തേടുന്നതിന് പകരം സീലിങ് ഫാനോ, ടേബിൾ ഫാനോ ഉപയോഗിക്കാം. ഒരു എയർ കണ്ടീഷണർ ഉപയോഗിക്കുമ്പോൾ ഒരു മണിക്കൂറിൽ ശരാശരി 10 രൂപ ചിലവ് വരുന്നതായിട്ടാണ് കണക്ക്. എന്നാൽ ഒരു ഫാൻ ആണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു മണിക്കൂറിൽ 30 പൈസ മാത്രമാണ് ചിലവാവുക.
സാമാന്യം വലിയ തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന, അതേ സമയം ഇന്നത്തെ കാലത്ത് പലർക്കും ഒഴിവാക്കാൻ സാധിക്കാത്ത ഒരു ഉപകരണമാണ് റഫ്രിജറേറ്റർ. ഒരു ഫ്രിഡ്ജിന് പുറകിലും, വശങ്ങളിലും ആവശ്യത്തിന് സ്‌പേസ് നൽകുന്നത് എയർ ഫ്രീ ഫ്‌ലോ ചെയ്യാൻ സഹായിക്കും. ഇതിലൂടെ കൂടുതൽ എളുപ്പത്തിൽ കൂളിങ് ലഭിക്കും.