ആദ്യം എമ്പുരാനെ വീഴ്ത്തി; ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷനിലേക്ക് 'കാന്താര'

09:10 PM Oct 20, 2025 | Kavya Ramachandran

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് റിഷബ് ഷെട്ടി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം കാന്താര. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ ഞെട്ടിക്കുന്ന കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കേരളത്തിൽ ഉൾപ്പെടെ വമ്പൻ കളക്ഷൻ ആണ് സിനിമ നേടുന്നത്. ഇപ്പോഴിതാ ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമ എന്ന റെക്കോർഡിലേക്ക് കുതിക്കുകയാണ് കാന്താര.


വിക്കി കൗശൽ ചിത്രമായ 'ഛാവ'യാണ് നിലവിൽ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയെന്ന ഖ്യാതി നേടിയ ഇന്ത്യൻ സിനിമ. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 809 കോടി നേടിയ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം സ്വന്തമാക്കിയത് 797.34 കോടിയാണ്. ഈ റെക്കോർഡിനെയാണ് കാന്താരയ്ക്ക് മറികടക്കേണ്ടത്. നേരത്തെ ആഗോള തലത്തിൽ 320 കോടിയോളം നേടിയ എമ്പുരാനെ കാന്താര മറികടന്നിരുന്നു. നിലവിൽ 717.50 കോടിയാണ് കാന്താരയുടെ ആഗോള കളക്ഷൻ. വരും ദിവസങ്ങളിൽ ഛാവയെ മലർത്തിയടിച്ച് ചിത്രം ഒന്നാമതെത്തും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. കന്നടയിൽ നിന്ന് 200 കോടി ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ സിനിമയായി ഇതിനോടകം കാന്താര മാറിക്കഴിഞ്ഞു. വൈകാതെ സിനിമ 1000 കോടിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

സിനിമ വൈകാതെ കേരളത്തിൽ നിന്ന് 50 കോടി കടക്കുമെന്നാണ് കണക്കുകൂട്ടൽ. ബോളിവുഡിലെയും തെലുങ്കിലെയും ചില വമ്പൻ സിനിമയുടെ കളക്ഷനെ കാന്താര മറികടന്നു. സൽമാൻ ഖാൻ ചിത്രമായ സിക്കന്ദറിനെയും ഷങ്കറിന്റെ ബ്രഹ്മാണ്ഡ സിനിമയായ ഗെയിം ചേഞ്ചറിനെയുമാണ് കാന്താര മറികടന്നത്. 2022ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.