സംസ്ഥാനത്ത് പുതിയ സംരംഭകരില്‍ 31 ശതമാനവും സ്ത്രീകള്‍: മന്ത്രി പി രാജീവ്

07:09 PM Jul 29, 2025 |


പാലക്കാട് : സംസ്ഥാനത്ത് ഈ സംരംഭക വര്‍ഷത്തില്‍ 31 ശതമാനം  പുതിയ സംരംഭകരും സ്ത്രീകളെന്ന് വ്യവസായ -കയര്‍ -നിയമ വകുപ്പ് മന്ത്രി പി. രാജീവ്.  സംസ്ഥാന സര്‍ക്കാറിന്റെ ‘മിഷന്‍ 1000’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ആദ്യമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ചു പ്രവര്‍ത്തനം ആരംഭിക്കുന്ന നെന്മാറ മാക്‌സ് സുപ്രീം ടെക്‌സ്‌റ്റൈല്‍സ് ലിമിറ്റഡിന്റെ രണ്ടാമത് യൂണിറ്റ് ഉദ്ഘാടനവും സ്വിച്ച് ഓണ്‍കര്‍മ്മവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കമ്പനിയില്‍ പ്രദേശവാസികളായ സ്ത്രീകളാണ് ജോലി ചെയ്യുന്നത് എന്നത് പ്രചോദനമാവുന്നതാണ്. സ്ത്രീകള്‍ക്ക് വരുമാനമുണ്ടായാല്‍ സ്ത്രീപദവി ഉയരും. വീടിനടുത്ത് തന്നെ ജോലി ലഭിക്കുന്നതും വലിയ കാര്യമാണ്. കേരളത്തിലെ വീടുകളിലാണ് അഭ്യസ്തവിദ്യരായ വീട്ടമ്മമാരുള്ളതെന്നും കണക്കിലെടുത്താണ് വിജ്ഞാന കേരളം പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചതെന്നും മന്ത്രി പറഞ്ഞു.  സ്വകാര്യ വ്യവസായ പാര്‍ക്ക് ആദ്യം ഉദ്ഘാടനം ചെയ്തത് പാലക്കാട് ജില്ലയിലാണ്. ഇനിയും വലിയ മാറ്റങ്ങള്‍ ജില്ല അഭിമുഖീകരിക്കാനിരിക്കുകയാണ്.

കൊച്ചി ബാംഗ്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോറിന്റെ ഭാഗമായി 1710 ഏക്കറിലാണ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി വരുന്നത്. അവിടെ 50ശതമാനത്തോളം ഇന്‍ഡസ്ട്രിയും അതോടൊപ്പം ടൗണ്‍ഷിപ്പ്, പൊതുയിടങ്ങള്‍, കണ്‍വെന്‍ഷന്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സിറ്റിയായിരിക്കും വരാനിരിക്കുന്നത്. തൃശ്ശൂര്‍, മലപ്പുറം, തമിഴ്‌നാട് ഉള്‍പ്പെടുത്തി വിവിധ വ്യവസായങ്ങള്‍ക്കും സാധ്യത വര്‍ധിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സംരംകര്‍ക്കായുള്ള സര്‍ക്കാറിന്റെ പുതിയ പദ്ധതിയാണ് 'മിഷന്‍ 1000'. ആയിരം സൂക്ഷമ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് (എം.എസ്.എം.ഇ) നൂറുകോടി വരുമാനമുണ്ടാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കാനും കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാവുകയും ചെയ്യും. സംരംഭക വര്‍ഷം പദ്ധതി ആരംഭിച്ച് മൂന്നു വര്‍ഷം കൊണ്ട് മൂന്നരലക്ഷം പുതിയ സംരംഭങ്ങള്‍ ഉണ്ടായി. ഏഴേകാല്‍ ലക്ഷത്തോളം തൊഴിലവസരങ്ങള്‍ ഉണ്ടായി. യുവാക്കള്‍ മറുനാട്ടില്‍ ചെയ്യുന്ന ജോലികള്‍ ഇവിടെ ചെയ്യാനുള്ള വ്യവസായ സാധ്യതകള്‍ക്ക് കൂടി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

കെ. ബാബു എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, വൈസ് പ്രസിഡന്റ് ശ്രീജ രാജീവ്, നെന്മാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പ്രകാശന്‍, വാര്‍ഡ് അംഗം ശ്രീജ മുരളി,  വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ പി. വിഷ്ണുരാജ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബെനഡിക്ട് വില്യം ജോണ്‍സ്, മാക്‌സ് സുപ്രീം ടെക്‌സ്‌റ്റൈല്‍സ് ലിമിറ്റഡ് ഡയറക്ടര്‍ ബിജു ഉതുപ്പ്, പാലക്കാട് കെ.എഫ്.സി ചീഫ് മാനേജര്‍ എം.ആര്‍ അരുണ്‍, പാലക്കാട് കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് ദേവദാസ്, മാക്‌സ് സുപ്രീം ടെക്‌സ്‌റ്റൈല്‍സ് ലിമിറ്റഡ് എം.ഡി സാജു മോഹന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മറ്റു ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.