ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇയുടെ ദേശീയ വിമാന കമ്പനി ഇത്തിഹാദ് എയര്‍വേയ്‌സ്. 2025 അവസാനത്തോടെ 1,500 ജീവനക്കാരെ കൂടി റിക്രൂട്ട് ചെയ്യാനൊരുങ്ങുകയാണ് എയര്‍ലൈന്‍. ഈ വര്‍ഷം തുടക്കത്തില്‍ 1,685 ജീവനക്കാരെ കമ്പനി പുതിയതായി നിയമിച്ചിരുന്നതായി എയര്‍ലൈന്റെ ചീഫ് ഹ്യൂമന്‍ റിസോഴ്‌സസ്, ഓര്‍ഗനൈസേഷണല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് അസ്സെറ്റ് മാനേജ്‌മെന്റ് ഓഫീസര്‍ ഡോ. നദിയ ബസ്തകി വെളിപ്പെടുത്തി.
നിലവില്‍ ഇത്തിഹാദ് എയര്‍വേയ്‌സില്‍ 12,000 ജീവനക്കാരാണ് ഉള്ളത്. 2030 ഓടെ ഇത് ഇരട്ടിയാക്കാനാണ് എയര്‍ലൈന്‍ പദ്ധതിയിടുന്നത്. പൈലറ്റ്, ക്യാബിന്‍ ക്രൂ, എഞ്ചിനീയര്‍മാര്‍ എന്നിങ്ങനെ പ്രധാനപ്പെട്ട റോളുകളില്‍ കൂടുതല്‍ ആളുകളെ വേണ്ടിവരുമെന്ന് ഡോ. ബസ്തകി പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ 4000ത്തിലേറെ ജീവനക്കാരെ പുതിയതായി നിയമിച്ചെന്നും അവര്‍ വെളിപ്പെടുത്തി. നിലവില്‍ 147 രാജ്യക്കാരാണ് എയര്‍ലൈന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. നിലവിലെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കുമെന്നും കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് തുടങ്ങുമെന്നും ബസ്തകി വ്യക്തമാക്കി.