തിരുവനന്തപുരം: ഹോമിയോ മേഖലയില്‍ ഗവേഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹോമിയോപ്പതി വകുപ്പ് 1973ല്‍ നിലവില്‍ വരുമ്പോള്‍ സംസ്ഥാനത്ത് 64 ഡിസ്പെന്‍സറികളും 4 ആശുപത്രികളും മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 14 ജില്ലാ മെഡിക്കല്‍ ഓഫീസുകളും 34 ആശുപത്രികളും 709 ഡിസ്പെന്‍സറികളും എന്ന നിലയ്ക്ക് വളര്‍ന്ന് വലിയ വകുപ്പുകളിലൊന്നായി മാറി. ഹോമിയോപ്പതി രംഗത്ത് ഈ സര്‍ക്കാരിന്റെ കാലത്ത് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
40 ഹോമിയോ ഡിസ്പെന്‍സറികള്‍ കൂടി സജ്ജമാക്കി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹോമിയോപ്പതി സ്ഥാപനങ്ങള്‍ സ്ഥാപിക്കാനായി. 40 ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാരുടെ തസ്തികകള്‍ സൃഷ്ടിച്ചു. ദേശീയ ഗുണനിലവാരം ഉറപ്പ് വരുത്തിയതിന്റെ ഫലമായി 102 സ്ഥാപനങ്ങള്‍ക്ക് എന്‍എബിഎച്ച് സര്ട്ടിഫിക്കേഷന് ലഭിച്ചു. കേരളത്തിലെ ആയുഷ് മേഖലയുടെ പ്രവര്‍ത്തനങ്ങളെ കേന്ദ്ര ആയുഷ് മന്ത്രാലയവും അഭിനന്ദിച്ചിട്ടുണ്ട്. വളരെയേറെ പുരോഗതി കൈവരിച്ച ഹോമിയോ മേഖലയില്‍ കൂടുതല്‍ മുന്നോട്ട് പോകാന്‍ ഗവേഷണം അത്യാവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. ലോക ഹോമിയോ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ ഡോ. സാമുവല്‍ ഹാനിമാന്റെ ജന്മദിനമായ ഏപ്രില്‍ 10ന് ലോക ഹോമിയോപ്പതി ദിനമായി ആചരിച്ച് വരുന്നു. ദിനാചരണത്തിന്റെ ഭാഗമായി 'പൊതുജനാരോഗ്യ സംരക്ഷണത്തില്‍ ഹോമിയോപ്പതിയുടെ പ്രസക്തി' എന്ന വിഷയവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികളില്‍ നിന്നും വിദഗ്ധ പാനല്‍ തെരഞ്ഞെടുത്തവയുടെ അവതരണവും സംഘടിപ്പിച്ചു.
പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള ആയുഷ് ഹോമിയോപ്പതി ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം (AHiMS 2.0) പോര്‍ട്ടലിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്ക് ഹോമിയോപ്പതി സ്ഥാപനങ്ങളിലേക്ക് അപ്പോയിന്റ്മെന്റ് മുന്‍കൂറായി ബുക്ക് ചെയ്യുന്നതിനും ചികിത്സാ വിവരങ്ങള്‍ അറിയുന്നതിനും ആയിട്ടാണ് പബ്ലിക് പോര്‍ട്ടല്‍ സജ്ജമാക്കിയിട്ടുള്ളത്. ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഹോമിയോപ്പതി സ്ഥാപനങ്ങളുടെ ലൊക്കേഷന്‍, ലഭ്യമായ സേവനങ്ങള്‍ എന്നിവ അപ്ഡേറ്റഡ് ആയി അറിയുന്നതിനും ഈ പോര്‍ട്ടല്‍ സഹായിക്കുന്നു. സമയബന്ധിതമായി സേവനം ലഭ്യമാക്കാന്‍ അപ്പോയിന്റ്മെന്റ് സംവിധാനം സഹായിക്കുന്നു. വകുപ്പിന്റെ കീഴിലുള്ള ലബോറട്ടറികളില്‍ നിന്നും ലഭ്യമാകുന്ന പരിശോധനാ വിവരങ്ങള്‍ ഈ പോര്‍ട്ടലില്‍ ഓട്ടോമേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ ലബോറട്ടറിയില്‍ റിസള്‍ട്ട് തയ്യാറാകുമ്പോഴേക്കും ഡോക്ടറുടെ ലോഗിനിലും രോഗിയുടെ പോര്‍ട്ടലിലും വിവരങ്ങള്‍ ലഭ്യമാകും. പൊതുജനങ്ങള്‍ക്ക് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പോര്‍ട്ടലിലൂടെ വിലയിരുത്താനാകും. കൂടാതെ വ്യക്തികള്‍ക്ക് അവരവരുടെ ദൈനംദിന ആരോഗ്യ വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള സംവിധാനവും ഈ പോര്‍ട്ടലില്‍ ലഭ്യമാണ്.
നാഷണല്‍ ആയുഷ് മിഷന് സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. എം.പി. ബീന, ഐഎസ്എം വകുപ്പ് ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ടി.ഡി. ശ്രീകുമാര്‍, പ്രിന്‍സിപ്പല്‍ ആന്റ് കണ്ട്രോളിംഗ് ഓഫീസര്‍ ഡോ. ടി.കെ. വിജയന്, ഹോമിയോപ്പതി സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ആര്. ജയനാരായണന്‍, ഹോംകോ മാനേജിംഗ് ഡയറക്ടര്‍ ഡോ. ശോഭാ ചന്ദ്രന്, ഹോമിയോപ്പതി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വികെ പ്രിയദര്‍ശിനി തുടങ്ങിയവര്‍ പങ്കെടുത്തു.