+

സിന്ധു നദിയിലെ ചെറിയ ഇടപെടല്‍ പോലും പാകിസ്ഥാനെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് റിപ്പോര്‍ട്ട്

സിഡ്നി ആസ്ഥാനമായുള്ള സ്വതന്ത്ര തിങ്ക് ടാങ്കായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് പീസാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

ജലസേചനത്തിനും മറ്റുമായി സിന്ധു നദീതടത്തിലെ ജലത്തെ വളരെയധികം ആശ്രയിക്കുന്നതിനാല്‍, നദിയിലെ ഇന്ത്യയുടെ ചെറിയ ഇടപെടല്‍ പോലും പാകിസ്ഥാനെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യം ഇന്ത്യ സിന്ധു ജല ഉടമ്പടി (ഐഡബ്ല്യുടി) താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനുശേഷം പാകിസ്ഥാന്‍ ഗുരുതരമായ പ്രതിസന്ധി നേരിടുന്നുവെന്നും ഇക്കോളജിക്കല്‍ ത്രെറ്റ് റിപ്പോര്‍ട്ട് 2025 പറയുന്നു.

സിഡ്നി ആസ്ഥാനമായുള്ള സ്വതന്ത്ര തിങ്ക് ടാങ്കായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് പീസാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സിന്ധുവിന്റെയും അതിന്റെ പോഷകനദികളുടെയും പാകിസ്ഥാനിലേക്കുള്ള ഒഴുക്ക് നിയന്ത്രിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് സിന്ധിനദീജല കരാര്‍ മരവിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. 


പാകിസ്ഥാനിലെ കാര്‍ഷികാവശ്യങ്ങള്‍ക്കായി 80 ശതമാനവും സിന്ധുനദീജലത്തെയാണ് ആശ്രയിക്കുന്നത്. പാകിസ്ഥാനിലെ അണക്കെട്ടുകള്‍ക്ക് നിലവില്‍ 30 ദിവസത്തേക്കുള്ള ജലം മാത്രമേ ഉള്‍ക്കൊള്ളാന്‍ കഴിയൂ. അതുകൊണ്ടുതന്നെ ജലം സംബന്ധിച്ച ഇന്ത്യയുടെ ഏതൊരു നടപടിയും പാകിസ്ഥാനെ ഗുരുതരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സിന്ധു നദിയുടെ ഒഴുക്ക് ഇന്ത്യ തടയുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്താല്‍, പാകിസ്ഥാനിലെ ജനസാന്ദ്രതയുള്ള സമതലങ്ങള്‍ ശൈത്യകാലത്തും വേനല്‍ക്കാലത്തും കടുത്ത ജലക്ഷാമം നേരിടേണ്ടിവരും. എന്നാല്‍, നദിയുടെ ഒഴുക്ക് പൂര്‍ണമായി തടയാനുള്ള സൗകര്യം നിലവില്‍ ഇന്ത്യക്കില്ല. എങ്കിലും ചെറിയ തടസ്സങ്ങള്‍ പോലും പാകിസ്ഥാന്റെ കാര്‍ഷിക മേഖലയില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

facebook twitter