
കവിയും നിരൂപകനുമായ കെജി ശങ്കരപ്പിള്ളയ്ക്ക് 2025-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം. സെക്രട്ടേറിയറ്റ് പി.ആര്‍. ചേമ്പറില്‍ നടന്ന പത്രസമ്മേളത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
മലയാള കവിതാനുഭവത്തെ ആധുനിക ആവിഷ്‌കാരത്തില്‍ വ്യത്യസ്തമാക്കിയ കവിയാണ് കെജിഎസ്. കവിതയുടെ ഭാഷയിലും രൂപത്തിലും ഭാവത്തിലും തന്റേതായ പുതുവഴി അദ്ദേഹം സ്യഷ്ടിച്ചെടുത്തു. സ്വന്തം ജീവിതാവസ്ഥയുടെ ജനകീയ വിചാരണകളായിരുന്നു കെ.ജി.എസ്സിന്റെ കവിതകള്‍. പ്രകടാര്‍ത്ഥത്തില്‍നിന്നും വ്യത്യസ്തമായി ആന്തരാര്‍ത്ഥങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന മൂര്‍ച്ചയാണ് അദ്ദേഹത്തിന്റെ വരികള്‍ക്ക്.
ആവിഷ്‌കാരത്തിന്റെ ഭിന്നവഴികളിലൂടെ അരനൂറ്റാണ്ടിലധികമായി ശക്തമായ സാന്നിധ്യമായി സഞ്ചരിച്ച അദ്ദേഹത്തിന്റെ കവിത ഏതൊരു മലയാളിക്കും അഭിമാനിക്കാന്‍ വകനല്‍കുന്നതാണെന്ന് സജി ചെറിയാന്‍ പറഞ്ഞു. സമകാലിക രാഷ്ട്രീയ സംഭവങ്ങളോട് ശക്തമായി പ്രതികരിക്കുന്ന കവിതകളാണ് അദ്ദേഹത്തിന്റേതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്‍.എസ്. മാധവന്‍ ചെയര്‍മാനും കെ.ആര്‍. മീര, ഡോ.കെ.എം. അനില്‍ എന്നിവര്‍ അംഗങ്ങളും കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി.പി അബൂബക്കര്‍ മെമ്പര്‍ സെക്രട്ടറിയുമായ പുരസ്‌കാരനിര്‍ണയസമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന കേരള സര്‍ക്കാറിന്റെ പരമോന്നത പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
1948-ല്‍ കൊല്ലം ജില്ലയിലെ ചവറയിലാണ് കെ.ജി. ശങ്കരപ്പിള്ള ജനിച്ചത്. കേരളത്തിലെ പല ഗവ.കോളേജുകളിലും അധ്യാപകനായും പ്രിന്‍സിപ്പലായും ജോലിചെയ്തു. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് പ്രിന്‍സിപ്പലായി വിരമിച്ചു. ഇപ്പോള്‍ തൃശൂര്‍ ജില്ലയില്‍ താമസം.
കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, ഓടക്കുഴല്‍ അവാര്‍ഡ്, ബഹറിന്‍ കേരളസമാജം സാഹിത്യ അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം, ഉള്ളൂര്‍ പുരസ്‌കാരം, ഗുരുദക്ഷിണ പുരസ്‌കാരം, പി. പുരസ്‌കാരം, കമലാ സുരയ്യ അവാര്‍ഡ്, പന്തളം കേരളവര്‍മ്മ പുരസ്‌കാരം, ഒഡീഷ്യയിലെ സമ്പല്‍പൂര്‍ സര്‍വകലാശാലയുടെ ഗംഗാധര്‍ മെഹര്‍ ദേശീയ കവിതാപുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
കൊച്ചിയിലെ വൃക്ഷങ്ങള്‍, അമ്മമാര്‍, ഞാനെന്റെ എതിര്‍കക്ഷി, സഞ്ചാരിമരങ്ങള്‍, മരിച്ചവരുടെ വീട്, അതിനാല്‍ ഞാന്‍ ഭ്രാന്തനായില്ല, കവിത, തകഴിയും മാന്ത്രികക്കുതിരയും, ഓര്‍മ്മകൊണ്ട് തുറക്കാവുന്ന വാതിലുകള്‍, സൈനികന്റെ പ്രേമലേഖനം, കെ.ജി.ശങ്കരപ്പിള്ളയുടെ കവിതകള്‍, മൂവന്തിക്ക് കുന്നുകേറിവന്ന ഈണങ്ങള്‍, എന്നിവ കൃതികളാണ്.