മുഖത്ത് അമിതമായി എണ്ണമയം അടിഞ്ഞുകൂടുന്നുവോ ?

03:25 PM Oct 23, 2025 | Kavya Ramachandran

മുഖത്ത് അമിതമായി എണ്ണമയം അടിഞ്ഞുകൂടുന്നത് പലപ്പോഴും മുഖക്കുരുവിനും മറ്റ് ചർമ്മ പ്രശ്നങ്ങൾക്കും കാരണമാകും. ഈർപ്പം നിലനിർത്താൻ എണ്ണ  ആവശ്യമാണെങ്കിലും, ഇതിൻ്റെ അളവ് കൂടുമ്പോൾ ചർമ്മം മങ്ങിയതായും, സൗന്ദര്യത്തെ ബാധിക്കുകയും ചെയ്യും. വീട്ടിൽ തന്നെ സ്വയം ചെയ്യാവു്ന ചില കാര്യങ്ങൾ ഇതിന് ഉത്തമ പരിഹാരമാണ്.


പതിവായി ക്ലെൻസ് ചെയ്യാം

മുഖത്തെ എണ്ണമയം നിയന്ത്രിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം ദിവസവും രണ്ടുതവണ മുഖം കഴുകുക എന്നതാണ്. സാലിസൈലിക് ആസിഡ് അടങ്ങിയതോ ജെൽ രൂപത്തിലുള്ളതോ ആയ വീര്യം കുറഞ്ഞ ഫേസ് വാഷ് ഉപയോഗിക്കുക. അമിതമായി ഉരച്ചു കഴുകുന്നത് ചർമ്മത്തെ വരണ്ടതാക്കുകയും കൂടുതൽ എണ്ണ ഉത്പാദിപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.

കളിമൺ മാസ്ക് 

മുൾട്ടാണി മിട്ടി അല്ലെങ്കിൽ ബെന്റോണൈറ്റ് കളിമണ്ണ്  എന്നിവ ഉപയോഗിച്ചുള്ള മാസ്കുകൾ ചർമ്മത്തിലെ അധിക എണ്ണയെ വലിച്ചെടുക്കാൻ സഹായിക്കും. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ കളിമൺ മാസ്ക് റോസ് വാട്ടറിൽ കലർത്തി മുഖത്തിടുന്നത് എണ്ണമയം കുറയ്ക്കാൻ ഉത്തമമാണ്.

കറ്റാർ വാഴ ജെൽ 

രാത്രി ഉറങ്ങുന്നതിനു മുൻപ് മുഖത്ത് കറ്റാർവാഴ ജെൽ പുരട്ടുന്നത് എണ്ണമയം കുറയ്ക്കുന്നതിനും ചർമ്മത്തിന് ഈർപ്പം നൽകുന്നതിനും സഹായിക്കും. കറ്റാർവാഴ ചർമ്മ സുഷിരങ്ങൾ അടയ്ക്കാതെ തന്നെ ചർമ്മത്തെ ശാന്തമാക്കുന്നു.


ടോണറായി റോസ് വാട്ടർ

മുഖം കഴുകിയ ശേഷം രാസവസ്തുക്കൾ കുറഞ്ഞ റോസ് വാട്ടർ (പനിനീർ) ഒരു കോട്ടൺ പാഡിൽ എടുത്ത് ടോണറായി ഉപയോഗിക്കുക. ഇത് ചർമ്മത്തിന്റെ പിഎച്ച് നില സന്തുലിതമാക്കുകയും സുഷിരങ്ങൾ അടയ്ക്കുകയും എണ്ണ ഉത്പാദനം കുറയ്ക്കുകയും ചെയ്യും.