കണ്ണൂരിൽ എമ്പുരാൻ്റെ വ്യാജ പകർപ്പ് പിടിച്ചെടുത്ത സംഭവം ; ജനസേവനാ കേന്ദ്രത്തിലെ രണ്ടു പേർക്കെതിരെ കേസെടുത്തു, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

12:36 PM Apr 03, 2025 | Neha Nair

വളപട്ടണം: എമ്പുരാൻ സിനിമയുടെ വ്യാജപതിപ്പ് പിടിച്ചെടുത്ത സ്ഥാപനം പൊലീസ് അടച്ചുപൂട്ടി. ചിത്രത്തിൻ്റെ ഉറവിടം തീയേറ്ററുകളിൽ നിന്നാണെന്നാണ് പൊലിസ് നിഗമനം. ചിത്രം ആദ്യ ഷോ കണ്ട ആരെങ്കിലും പകർത്തിയതാണോയെന്ന സംശയത്തിൽ അന്വേഷണം നടത്തിയെങ്കിലും ഈ കാര്യത്തിൽ തെളിവൊന്നും ലഭിച്ചിട്ടില്ല. പെൻഡ്രൈവിൽ ചിത്രത്തിൻ്റെ വ്യാജ പകർപ്പ് ആവശ്യക്കാർക്ക് പണം വാങ്ങിനൽകിയതിന് പാപ്പിനിശ്ശേരിയിലെ തംബുരുവെന്ന സ്ഥാപനമാണ്  വളപട്ടണം പൊലീസാണ് അടച്ചുപൂട്ടിയത്.

സ്ഥാപനം നടത്തിപ്പുകാരായ വി കെ പ്രേമൻ (56), സി വി രേഖ (43) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ഇരുവരെയും അറസ്റ്റ് ചെയ്യേണ്ടതില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി നോട്ടീസ് ലഭിച്ചാൽ കോടതിയിൽ ഹാജരായാൽ മതിയാകുമെന്നും പൊലീസ് ഇൻസ്‌പെക്ടർ ടി കെ സുമേഷ് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വകാര്യ ജനസേവന കേന്ദ്രമായ തംബുരു കമ്യൂണിക്കേഷനിൽ നിന്ന്‌ പൊലീസ് വ്യാജപതിപ്പ് പിടിച്ചെടുത്തത്. റിലീസ് ദിനത്തിൽ തന്നെ ഇവർക്ക് സിനിമയുടെ വ്യാജപതിപ്പ് ലഭിച്ചിരുന്നതായും ടോറന്റ് ആപ്പ് ഉപയോഗിച്ചാണ് ഇവർ വ്യാജപതിപ്പ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതെന്നും പൊലീസ് കണ്ടെത്തി. വളപട്ടണം എസ്എച്ച്ഒ ബി കാർത്തിക്, ഇൻസ്പെക്ടർ ടി പി സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.