ആറുവയസ്സുള്ള മകളെ പീഡിപ്പിച്ചയാളുടെ ജനനേന്ദ്രിയം തകര്‍ത്ത് പിതാവ്; പീഡിപ്പിച്ചത് പിതാവിന്റെ പങ്കാളി

01:43 PM Oct 23, 2025 | Kavya Ramachandran

ലഖ്‌നൗ: ആറുവയസ്സുള്ള മകളെ പീഡിപ്പിച്ചയാളെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ ദേവ്‌റിയയിലെ കൂലിത്തൊഴിലാളിയായ രാം ബാബു യാദവിനെയാണ് പങ്കാളിയായ യുവാവ് ആക്രമിച്ചത്. യുവാവിന്റെ മകളെ രാംബാബു യാദവ് പീഡിപ്പിച്ചതാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. ജനനേന്ദ്രിയത്തില്‍ നിരവധി തവണ കുത്തേറ്റ രാംബാബു യാദവിനെ പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.


നര്‍ത്തകനായ യുവാവിന്റെ ആറുവയസ്സുള്ള മകളെയാണ് രാംബാബു യാദവ് പീഡിപ്പിച്ചത്. സ്വവര്‍ഗാനുരാഗികളായ യുവാവും രാംബാബു യാദവും ഏറെക്കാലമായി ഒരുമിച്ചാണ് താമസം. അടുത്തിടെയായി യുവാവിന്റെ ആറുവയസ്സുള്ള മകളും പിതാവിനൊപ്പം താമസിക്കാനായി ഇവിടെയെത്തിയിരുന്നു. സ്വവര്‍ഗാനുരാഗിയായതിനാല്‍ യുവാവിന്റെ ഭാര്യ ഇയാളുമായി വേര്‍പിരിഞ്ഞാണ് താമസം.

ചൊവ്വാഴ്ച രാത്രി ഉറങ്ങുന്നതിനിടെ മകളുടെ കരച്ചില്‍ കേട്ടാണ് യുവാവ് ഉണര്‍ന്നത്. തുടര്‍ന്ന് മുറിയില്‍ നോക്കിയപ്പോഴാണ് പങ്കാളിയായ രാംബാബു യാദവ് തന്റെ മകളെ പീഡിപ്പിക്കുന്നരംഗം കണ്ടത്. ഇതോടെ യുവാവ് രാംബാബു യാദവിനെ പിടിച്ചുവെയ്ക്കുകയും കത്തിയെടുത്ത് ഇയാളുടെ ജനനേന്ദ്രിയത്തില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ യുവാവ് തന്നെയാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി രാംബാബു യാദവിനെ ആശുപത്രിയിലേക്ക് മാറ്റി. ആറുവയസ്സുകാരിയെ പീഡിപ്പിച്ചതിന് രാംബാബു യാദവിനെതിരേ കേസെടുത്തതായും പോലീസ് പറഞ്ഞു.