+

മാസം 80,000 രൂപ ശമ്പളം കിട്ടിയിട്ടും സേവിങ്‌സ് ഇല്ല, നിങ്ങള്‍ ചെയ്യുന്ന വലിയ തെറ്റു ചൂണ്ടിക്കാട്ടി സാമ്പത്തിക വിദഗ്ധന്‍

നല്ല ശമ്പളമുള്ള ജോലിക്കാര്‍ പോലും സാമ്പത്തിക പ്രതിസന്ധിയില്‍ കുരുങ്ങുന്നത് പതിവാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് തന്റെ ക്ലയന്റിന്റെ കഥ പങ്കുവച്ചു.

ന്യൂഡല്‍ഹി: നല്ല ശമ്പളമുള്ള ജോലിക്കാര്‍ പോലും സാമ്പത്തിക പ്രതിസന്ധിയില്‍ കുരുങ്ങുന്നത് പതിവാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് തന്റെ ഒരു ക്ലയന്റിന്റെ കഥ പങ്കുവച്ചു. മാസം 80,000 രൂപ ശമ്പളം വരുമാനമുള്ള ഒരു വ്യക്തി, എന്നിട്ടും ഒരു പൈസ പോലും സേവിങ്‌സ് ഇല്ലാത്ത അവസ്ഥ. ഈ കഥ സാമ്പത്തിക ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് വെളിപ്പെടുത്തുന്നു.

സിഎയുടെ ക്ലയന്റ്, ഒരു മിഡില്‍ ക്ലാസ് പ്രൊഫഷണലായിരുന്നു. മാസം 80,000 രൂപയുടെ ശമ്പളം അദ്ദേഹത്തിന് സുഖകരമായ ജീവിതം നയിക്കാന്‍ മതി. പക്ഷേ, റിപ്പോര്‍ട്ട് പ്രകാരം, അദ്ദേഹം 'പേ ടു പേ' ജീവിതം നയിക്കുകയായിരുന്നു. ശമ്പളം കിട്ടുന്ന അതേ ദിവസം അത് തീര്‍ന്നുപോകുന്ന അവസ്ഥ. വീടിന്റെ വാടക, ഭക്ഷണം, യൂട്ടിലിറ്റികള്‍ തുടങ്ങിയ അടിസ്ഥാന ചെലവുകള്‍ക്ക് പുറമേ, അനാവശ്യ വാങ്ങലുകളും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും അദ്ദേഹത്തിന്റെ വരുമാനത്തെ തിന്നൊടുക്കി. ക്ലയന്റ് സാമ്പത്തികമായി മെച്ചപ്പെടുത്താന്‍ സഹായം തേടിയെത്തിയപ്പോഴാണ്, അദ്ദേഹത്തിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ച് സിഎ ഞെട്ടലോടെ കണ്ടെത്തിയത്: ഒരു മാസത്തെ സേവിങ്‌സ് പോലും ഇല്ല.

അദ്ദേഹം ചെയ്ത ഏറ്റവും വലിയ തെറ്റ് ബജറ്റ് ഇല്ല എന്നതാണെന്ന് സിഎ പറയുന്നു. ബജറ്റ് ഇല്ലാത്തത് കൊണ്ട്, വരുമാനത്തിന്റെ ഓരോ രൂപയും 'അദൃശ്യമായി' നഷ്ടപ്പെടുന്നു. ചെറിയ ചെലവുകളായ ഔട്ട്‌സൈഡ് ഫുഡ്, ഓണ്‍ലൈന്‍ ഷോപ്പിങ്, അനാവശ്യ സബ്‌സ്‌ക്രിപ്ഷനുകള്‍ എല്ലാം യഥാര്‍ത്ഥത്തില്‍ വലിയ നഷ്ടമാണ്. ക്ലയന്റ് തന്റെ ചെലവുകളെ ട്രാക്ക് ചെയ്യാതിരുന്നത്, അദ്ദേഹത്തെ സാമ്പത്തിക അസ്ഥിരതയിലേക്ക് നയിച്ചു.

ഈ അനുഭവത്തില്‍ നിന്ന് പഠിക്കാനുള്ള സിഎയുടെ ഉപദേശങ്ങള്‍ പ്രധാനമാണ്. സാമ്പത്തിക ജീവിതത്തെ മാറ്റാന്‍ ഇനിപ്പറയുന്നവ പാലിക്കാം:

ബജറ്റ് തയ്യാറാക്കുക: വരുമാനത്തെ അടിസ്ഥാന ചെലവുകള്‍ (വാടക, ഭക്ഷണം, ബില്ലുകള്‍), സേവിങ്‌സ് (കുറഞ്ഞത് 20% മുതല്‍), അനാവശ്യ ചെലവുകള്‍ എന്നിങ്ങനെ വിഭജിക്കുക. ഓരോ ചെലവും ട്രാക്ക് ചെയ്യുക. അതിനായി ആപ്പുകളോ സ്‌പ്രെഡ്ഷീറ്റുകളോ ഉപയോഗിക്കാം.
  
സേവിങ്‌സിന് മുന്‍ഗണന നല്‍കുക: ശമ്പളം കിട്ടുന്ന ഉടനെ, സേവിങ്‌സ് അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക് ട്രാന്‍സ്ഫറുകള്‍ സെറ്റ് ചെയ്യുക.

ചെലവുകള്‍ പരിശോധിക്കുക: ദിവസേനയോ ആഴ്ചയ്‌ക്കൊരിക്കലോ ചെലവുകള്‍ രേഖപ്പെടുത്തുക. മാസാന്ത്യത്തില്‍ അവ പരിശോധിച്ച് ശീലങ്ങള്‍ മാറ്റുക.

എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കുക: 3-6 മാസത്തെ ചെലവുകള്‍ക്ക് തുല്യമായ തുക ഒരു പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കുക. അപ്രതീക്ഷിത സാഹചര്യങ്ങള്‍ക്ക് ഇത് സഹായിക്കും.

ലൈഫ്സ്‌റ്റൈല്‍ ഇന്‍ഫ്‌ലേഷന്‍ ഒഴിവാക്കുക: ശമ്പളം കൂടുമ്പോഴും ചെലവുകള്‍ അതിനനുസരിച്ച് വര്‍ധിപ്പിക്കരുത്. അധിക തുക നിക്ഷേപങ്ങളിലേക്കോ സേവിങ്‌സിലേക്കോ തിരിച്ചുവിടുക.

ബജറ്റ് ഇല്ലെങ്കില്‍, നിങ്ങളുടെ പണം എവിടെ പോകുന്നു എന്ന് നിങ്ങള്‍ ഊഹിക്കുക മാത്രമേ ചെയ്യൂ. ഇന്ന് തന്നെ ട്രാക്കിങ് ആരംഭിക്കൂ, മാസങ്ങള്‍ക്കുള്ളില്‍ വ്യത്യാസം കാണാമെന്നാണ് സിഎയുടെ ഉപദേശം.

facebook twitter