+

സാമ്പത്തിക തട്ടിപ്പ് കേസ് ; അറസ്റ്റിലായ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെ കൊച്ചിയിലെത്തിച്ചു

പെന്റാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴി ഉയര്‍ന്ന ലാഭവിഹിതവും, ഓഹരി പങ്കാളിത്തവും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെ കൊച്ചിയിലെത്തിച്ചു. രാവിലെ ചെന്നൈ വളപട്ടത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ പുലര്‍ച്ചെ 2 മണിയോടെയാണ് കൊച്ചിയിലെത്തിച്ചത്. കൊച്ചി സ്വദേശികളില്‍ നിന്ന് നാല്പത് ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് കൊച്ചി സൗത്ത് പൊലീസിന്റെ നടപടി. പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ ഉച്ചയോടെ പൊലീസ് കോടതിയില്‍ ഹാജരാക്കും. പെന്റാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴി ഉയര്‍ന്ന ലാഭവിഹിതവും, ഓഹരി പങ്കാളിത്തവും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.


സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മകനും എതിരെ ഇയാള്‍ ആരോപണം ഉന്നയിച്ചിരുന്നു. സിപിഎം നേതാക്കള്‍ക്കെതിരെ സിപിഎം പോളിറ്റ് ബ്യുറോക്ക് മുഹമ്മദ് ഷര്‍ഷാദ് പരാതി അയച്ചത് വലിയ വിവാദമായിരുന്നു. യുകെ വ്യവസായി ആയ വ്യക്തി സിപിഎം നേതാക്കളുടെ ബിനാമി എന്നായിരുന്നു മുഹമ്മദ് ഷര്‍ഷാദിന്റെ ആരോപണം. ഇതില്‍ നേതാക്കള്‍ ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. ഓഗസ്റ്റില്‍ കൊച്ചി സ്വദേശി നല്‍കിയ പരാതിയിലാണ് നിലവില്‍ അറസ്റ്റ്.

വിശ്വാസവഞ്ചന ഉള്‍പ്പെടെ ഉള്ള വകുപ്പുകളിലാണ് പൊലീസ് കേസ്. കമ്പനിയുടെ സഹസ്ഥാപകനായ ചെന്നൈ സ്വദേശി ശരവണനനെതിരെയും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

facebook twitter