ഒന്നാം സമ്മാനം ഒരുകോടി; സുവര്‍ണ കേരള ഭാഗ്യവാന്‍ ഇവിടെയുണ്ട്

03:27 PM May 24, 2025 |


കൊല്ലം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ കേരളത്തിന്റെ ഒന്നാംസമ്മാനം ഒരുകോടി രൂപ പേരയം സ്വദേശി കെ ഹരിദാസന്. RX 171439 നമ്പറിനാണ് ഒരു കോടി രൂപ സമ്മാനം ലഭിച്ചത്. രണ്ടാഴ്ച മുന്‍പ് ഹരിദാസന് 5000 രൂപ ലോട്ടറി അടിച്ചിരുന്നു.

കരിക്കോട് പ്രവര്‍ത്തിക്കുന്ന മുരുകന്‍ ലോട്ടറി ഏജന്‍സിയുടെ ആറുമുറിക്കട ശാഖയില്‍ നിന്ന് മുളവന പള്ളിമുക്കില്‍ കച്ചവടം ചെയ്യുന്ന ഷാജിയെന്നയാളില്‍ നിന്നാണ് ടിക്കറ്റെടുത്തത്. വര്‍ഷങ്ങളായി ലോട്ടറിയെടുക്കുന്ന ഹരിദാസന് പലതവണയായി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. 34 വര്‍ഷം മുംബൈയില്‍ ടയര്‍ങ്ചര്‍കട നടത്തിയ ഹരിദാസ് 20 വര്‍ഷമായി നാട്ടില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്.

കുറച്ചുനാളായി ശാരീരിക അസ്വസ്ഥതകള്‍ മൂലം ജോലിക്ക് പോകാറുണ്ടായിരുന്നില്ല. സ്ഥിരമായി ഷാജിയുടെ കടയില്‍ നിന്നും ലോട്ടറിയെടുക്കുന്ന ഹരിദാസ് കടയില്‍ വില്‍പ്പനയ്ക്കും ഇരിക്കാറുണ്ട്. സഹോദരിയോടൊപ്പം താമസിച്ചുവരുന്ന ഹരിദാസന് സ്വന്തമായി വീടുവാങ്ങണമെന്നാണ് ഹരിദാസന്റെ ആഗ്രഹം.


എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് രണ്ട് മണിക്ക് നറുക്കെടുക്കുന്ന സുവര്‍ണ്ണ കേരള ലോട്ടറിയുടെ ഒന്നാംസമ്മാനം ഒരുകോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില.