നമ്മുടെ ശാരീരിക-മാനസിക ആരോഗ്യത്തിന് ഏറെ ഉപകാരപ്പെടുന്നതാണ് പ്രഭാത ഭക്ഷണം. എന്നാൽ ഒഴിവാക്കാൻ പാടില്ല എന്നതുകൊണ്ട് എന്തെങ്കിലും കഴിക്കുന്നവർ ഉണ്ട്. അത് പണി വിളിച്ചുവരുത്തുകയാണ് ചെയ്യുക. പ്രഭാതഭക്ഷണമായി കഴിക്കുന്ന സാധനങ്ങളിൽ ഒഴിവാക്കേണ്ട ചില ചില ഭക്ഷണ സാധനങ്ങളുമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. രാവിലെ ലളിതവും എളുപ്പത്തിൽ ദഹിക്കുന്നതുമായ ആരോഗ്യത്തിന് കൂടുതൽ ഗുണകരമായ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. നമ്മുടെ നിത്യശീലങ്ങളിൽപ്പെട്ട, എന്നാൽ പ്രഭാത ഭക്ഷണത്തിൽ ഒഴിവാക്കേണ്ടവാ ഏതൊക്കെയാണെന്ന് നോക്കാം.
ജ്യൂസും ടോസ്റ്റും
ഉണ്ടാക്കാൻ വളരെ എളുപ്പമായത് കൊണ്ട് അധികവും ടോസ്റ്റും എന്തെങ്കിലും ജ്യൂസും ഉണ്ടാക്കി കഴിക്കുന്നവരാണ് പലരും. എന്നാൽ ഇത് അത്ര നല്ലതല്ല. ഇത് പഞ്ചസാരയുടെ കലവറയായതിനാൽ ദിവസത്തിന്റെ ആരംഭത്തിൽ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇതിന് പകരമായി നിങ്ങൾക്ക് പഴങ്ങൾ അങ്ങനെ തന്നെ കഴിക്കാൻ ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ കൂടെ പ്രോട്ടീൻ ലഭിക്കുന്നതിനായി മുട്ടയോ, പാലോ ഉൾപ്പെടുത്താനാവും.
ചായ, കാപ്പി, ബിസ്‌കറ്റ്
വയറുനിറയാൻ വേണ്ടി മാത്രം രാവിലത്തെ ഭക്ഷണം കഴിക്കുന്നവരുണ്ട്. ഇതിനായി ചായയോ, കാപ്പിയോ, ബിസ്‌കറ്റോ കഴിച്ച് അഡ്ജസ്റ്റ് ചെയ്യുന്നവരാണ് പലരും. ജോലി ചെയ്യുന്നവരാകും ഇതിൽ അധികവും. ന്യൂട്രീഷ്യനോ, മറ്റ് ശരീരത്തിന് ആവശ്യമായ ഗുണങ്ങളോ ഒന്നുമില്ലാത്ത ഈ ഭക്ഷണം വയറ് നിറയ്ക്കും എന്നതിനപ്പുറത്ത് നിങ്ങളുടെ ശരീരത്തിന് വേണ്ടി മറ്റൊന്നും ചെയ്യില്ല. അതുകൊണ്ടുതന്നെ ഇവ പ്രഭാത ഭക്ഷണത്തിനായി തെരഞ്ഞെടുക്കാത്തതാണ് നല്ലത്.
പാലിനൊപ്പം കഴിക്കുന്ന സിറിയൽ
പാൽ ശരീരത്തിന് നല്ലതാണ്. എന്നാൽ പാലിനൊപ്പം പലതരം ധാന്യങ്ങളുടെ സിറിയലുകൾ ഉപയോഗിക്കുന്നത് നല്ലതല്ല. കോൺഫ്‌ളേക്‌സ്, റൈസ് ഫ്‌ളേക്‌സ്, മറ്റ് ധാന്യങ്ങൾക്കൊണ്ടുണ്ടാക്കുന്ന ഇത്തരം വസ്തുക്കൾ പ്രഭാതഭക്ഷണത്തിന് ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
സാൻഡ്‌വിച്ച്
ജോലിക്ക് പോകുന്നവർക്ക് പെട്ടെന്ന് ഉണ്ടാക്കാൻ സാധിക്കുന്ന ഭക്ഷണമാണ് സാൻഡ്‌വിച്ച് . ബ്രെഡും, പച്ചക്കറികളും പ്രധാനമായി ഉപയോഗിക്കുന്നതിനാൽ സാൻഡ്‌വിച്ച് ഒരു ആരോഗ്യകരമായ ഭക്ഷണമാണ് എന്ന തെറ്റിദ്ധാരണ നമുക്കുണ്ട്. എന്നാൽ അങ്ങനെയല്ല. പലരും സാൻഡ്‌വിച്ചിനായി ഉപയോഗിക്കുന്നത് മൈദ കൊണ്ട് ഉണ്ടാക്കിയ ബ്രെഡ് ആണ്. ഇത് രാവിലെ കഴിക്കുന്നത് ശരീരത്തിന് ഒട്ടും നല്ലതല്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.