പാലക്കാട് വ്യാപാരിയെ ആക്രമിച്ച സംഭവം:നാലുപേർ അറസ്റ്റിൽ

04:05 PM Aug 27, 2025 |


പാലക്കാട്: വ്യാപാരിയെ അക്രമിച്ച കേസിൽ നാല് യുവാക്കൾ പിടിയിൽ. പൈങ്കുളം സ്വദേശികളായ നജീബ്, നിഷാദ്, ബിനീഷ്, ചേലക്കര സ്വദേശി അബ്ദുൾ റഹ്മാൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.  ഈ മാസം 22നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണിയമ്പുറം സ്വദേശി പ്രവീൺ ബാബുവാണ് ആക്രമിക്കപ്പെട്ടത്. രാത്രി ബസ് സ്റ്റാൻഡിലെ ഒന്നാം നിലയിൽ വെച്ചായിരുന്നു ആക്രമണം. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചുള്ള ആക്രമണത്തിൽ പ്രവീണിന്റെ  ഇടത് കണ്ണിനും താടിയെല്ലുകൾക്കും പരിക്കേറ്റു. 

ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവീൺ കുമാറിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കു മാറ്റി. എറണാകുളത്ത് പച്ചക്കറി കച്ചവടം നടത്തി വരികയാണ് പ്രവീൺ ബാബു. സംഭവത്തിന് ഒരാഴ്ച മുൻപ് ഒറ്റപ്പാലം ബസ് സ്റ്റാൻഡിന് സമീപം നിന്നിരുന്ന പ്രവീണിനോട് നജീബ് അസഭ്യം പറഞ്ഞിരുന്നു. 22ന് ഉച്ചയോടെ വീണ്ടും ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. അതിന്റെ തുടർച്ചയായാണ് നജീബ് സുഹൃത്തുക്കൾക്കൊപ്പം വന്ന് ആക്രമണം നടത്തിയത്.