നിപ രോഗലക്ഷണങ്ങളുളള നാലുപേരെ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഹൈ റിസ്‌ക് സമ്ബര്‍ക്കപ്പട്ടികയില്‍ ഉളളവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഇവരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
നിപ ലക്ഷണങ്ങളോടെ മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയായ 58 കാരന്റെ മകന്‍, മകന്റെ രണ്ടുമക്കള്‍, ഒരു ആരോഗ്യപ്രവര്‍ത്തക എന്നിവരെയാണ് പനിയുള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.ലക്ഷണങ്ങളില്ലെങ്കിലും കുട്ടികളുടെ അമ്മയെയും നിരീക്ഷണത്തിനായി ആശുപത്രിയിലാക്കിയിട്ടുണ്ട്.
ജില്ലയിൽ ആദ്യഘട്ടത്തിൽ കുമരംപുത്തൂർ, കരിമ്പുഴ, കാരാകുറുശ്ശി, മണ്ണാർക്കാട് നഗരസഭ എന്നിവിടങ്ങളിലുള്ള 17 വാർഡിലാണ് തീവ്രനിയന്ത്രണം ഏർപ്പെടുത്തിയതെങ്കിലും തിങ്കളാഴ്ച ഒരുവാർഡിൽക്കൂടി നിയന്ത്രണമേർപ്പെടുത്തി. രോഗം സ്ഥിരീകരിച്ച പ്രദേശത്തുനിന്ന് മൂന്നുകിലോമീറ്റർമാത്രം അകലെയുള്ള മണ്ണാർക്കാട് നഗരസഭയിലെ 24-ാം വാർഡായ പെരിമ്പടാരിയിലാണ് കളക്ടർ തീവ്രനിയന്ത്രണം ഏർപ്പെടുത്തിയത്.
ജില്ലയിലുള്ളവർ മുഖാവരണം ധരിക്കണമെന്ന് കളക്ടർ അറിയിച്ചു. നിപ ലക്ഷണങ്ങളോടെ മരിച്ചയാൾ കെഎസ്ആർടിസി ബസിൽ യാത്രചെയ്തെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും സ്വകാര്യവാഹനങ്ങളിലും ബൈക്കിലും മാത്രമാണ് ഇദ്ദേഹം യാത്രചെയ്തിട്ടുള്ളതെന്നും കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു.