
കണ്ണൂർ: ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി.സദാനന്ദനെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നിർദേശിച്ചതിൽ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാനകമ്മിറ്റിയംഗം പി ജയരാജൻ രംഗത്തെത്തി. തന്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കറ കളഞ്ഞ ഒരു ആർഎസ്എസ് നേതാവിനെയാണ് രാഷ്ട്രപതി രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തത്. സാധാരണ വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള അതിപ്രശസ്തരെയാണ് രാഷ്ട്രപതി നോമിനേറ്റ് ചെയ്യാറുള്ളതെന്നും പി. ജയരാജൻ തന്റെ പോസ്റ്റിൽ ചൂണ്ടികാട്ടി.
മട്ടന്നൂർ പഴശി പെരിഞ്ചേരിയിലെ സിപിഎം പെരിഞ്ചേരി ബ്രാഞ്ച് സെക്രട്ടറി പി എം ജനാർദനനെ കൈകാൽ വെട്ടി കൊല്ലാൻ ശ്രമിച്ചെന്ന കേസും എസ്എഫ്ഐ നേതാവ് കെവി സുധീഷിന്റെ കൊലപാതകവും ചൂണ്ടികാട്ടി ദേശാഭിമാനി പത്രത്തിൽ വന്ന ലേഖനം പങ്കുവെച്ചാണ് പി ജയരാജന്റെ പ്രതികരണം.കറ കളഞ്ഞ ഒരു ആർ എസ് എസ് നേതാവിനെ കഴിഞ്ഞ ദിവസം രാഷ്ട്രപതി രാജ്യസഭാ അംഗമായി നോമിനേറ്റ് ചെയ്ത വാർത്ത കഴിഞ്ഞ ദിവസം കേട്ടു. മലയാള മാധ്യമങ്ങൾ അത് ആഘോഷിക്കുന്ന കാഴ്ച നാം കണ്ടു.
സിപി എം അക്രമരാഷ്ട്രീയമെന്ന് പറഞ്ഞു പച്ചനുണ പ്രചരിപ്പിക്കുന്നതും കണ്ടു. സാധാരണ വിവിധ മേഖലകളിൽ പ്രവീണ്യമുള്ള അതിപ്രശസ്തരെയാണ് രാഷ്ട്രപതി നോമിനേറ്റ് ചെയ്യാറുള്ളത്. ഇദ്ദേഹത്തിന്റെ പ്രവീണ്യം ഏത് മേഖലയിൽ ആണെന്ന് ഈ വാർത്ത വായിക്കുന്നവർക്ക് ബോധ്യപ്പെടും. കഴിഞ്ഞ മാസമാണ് ആർഎസ്എസ് ബോംബറിൽ കാൽ നഷ്ടപ്പെട്ട ഡോ:അഷ്നയുടെ വിവാഹം നടന്നത്.വലിയ വായിൽ പ്രസംഗിക്കുന്ന ഒരൊറ്റ യുഡിഎഫ് നേതാക്കളോ മാധ്യമങ്ങളോ ആർ എസ് എസ് എന്ന പേര് പോലും മിണ്ടിയത് നാം കണ്ടില്ലെന്നും പി.ജയരാജൻ ചൂണ്ടിക്കാട്ടി.