‌സന്തോഷ് കീഴാറ്റൂരിൻ്റെ മകനേയും കൂട്ടുകാരേയും മർദ്ദിച്ച സംഭവം : മൂന്ന് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

01:21 PM May 23, 2025 | AVANI MV


 തളിപ്പറമ്പ് : ചലച്ചിത്ര നടൻ സന്തോഷ് കീഴാറ്റൂരിൻ്റെ മകൻ യദുവിനെയും കൂട്ടുകാരേയും മർദ്ദിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ അറസ്റ്റിലായി.സന്തോഷ്, ശ്രീകാന്ത്, പ്രജീഷ് എന്നിവർ തൃച്ഛംബരത്തെ ബി.ജെ.പി പ്രവർത്തകരെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
മകനും സുഹൃത്തുക്കൾക്കും നേരെയുണ്ടായ അക്രമത്തിനെതിരെ സന്തോഷ് കീഴാറ്റൂർ നൽകിയ പരാതിയിലാണ് തളിപറമ്പ് പൊലിസ് കേസെടുത്തത്.

 തന്റെ മകനാണെന്ന് അറിഞ്ഞുകൊണ്ടാണ് യദുവിന് നേരെ ബിജെപി പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതെന്ന് സന്തോഷ് കീഴാറ്റൂർ പരാതിയിൽ പറഞ്ഞു. മർദനം ഉണ്ടായ സ്ഥലം സാമൂഹ്യവിരുദ്ധരുടെ താവളമാണെന്നും ഒരുപക്ഷെ നാടകം കളിച്ചതിന്റെ പകയാകാം മർദ്ദനത്തിന് കാരണമെന്നും സന്തോഷ് പറഞ്ഞിരുന്നു.തളിപറമ്പ്  തൃച്ചംബരത്ത് ബുധനാഴ്ച്ച രാത്രിയായിരുന്നു സംഭവം. കൂട്ടുകാരന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞുമടങ്ങും വഴിയാണ് യദു സാന്തിനേയും കൂട്ടുകാരെയും മർദിച്ചത്. 

ഫ്ലെക്സ് ബോർഡിൽ കല്ലെറിഞ്ഞുവെന്ന് ആരോപിച്ചായിരുന്നു മർദനമെന്ന് യദു പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.  'കൂട്ടുകാരുമായി സംസാരിച്ചിരിക്കുമ്പോൾ തമാശയ്ക്ക് കല്ലെറിഞ്ഞുകളിക്കുകയായിരുന്നു. അതിനിടെ കല്ല് ഒരുഫ്ലെക്സ് ബോർഡിൽ കൊള്ളുകയുണ്ടായി. അതിനടുത്ത് തന്നെ ബിജെപി മന്ദിരമുണ്ടായിരുന്നു. അവിടെനിന്ന് രണ്ട് പേർ വന്ന് എന്തിനാണ് ബോർഡിലേക്ക് കല്ലെറിഞ്ഞതെന്ന് ചോദിച്ചു. വീണ്ടും രണ്ട് പേർ വന്ന് ഹെൽമെറ്റ് കൊണ്ട് മർദിക്കുകയായിരുന്നുവെന്നാണ് യദു പൊലിസിന് മൊഴി നൽകിയത്.