ന്യൂഡല്‍ഹി: തുടര്‍ച്ചയായി രണ്ടുതവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കുകയും ഒന്നാം നമ്പര്‍ ടീമായി മാറുകയും ചെയ്ത ഇന്ത്യ ഇപ്പോള്‍ സ്വന്തം നാട്ടില്‍ പോലും ഒരു ജയം നേടാനാകാത്ത ടീമായി മാറിയിരിക്കുകയാണ്. പരിശീലകനായി ഗൗതം ഗംഭീറും മുഖ്യ സെലക്ടറായി അജിത് അഗാര്‍ക്കറും എത്തിയതോടെയാണ് ഇന്ത്യന്‍ ടീം ഈ നിലവാരത്തിലെത്തിയത്.
ബാറ്റിങ് പൊസിഷനില്‍ നിരന്തര പരീക്ഷണം നടത്തുന്ന ഗംഭീര്‍ ക്രിക്കറ്റിലെ കാമസൂത്ര രചയിതാവാണെന്നാണ് ആരാധകരുടെ പരിഹാസം. ഓരോ മത്സരത്തിലും ബാറ്റിങ് പൊസിഷന്‍ മാറ്റുന്നതിലൂടെ ബാറ്റര്‍മാരുടെ ആത്മവിശ്വാസം തകര്‍ന്നു.
ഗംഭീറിന്റെ ആക്ഷന്‍ മുഴവന്‍ ബാര്‍ഡ്‌റൂമിലാണ്. തന്റെ ഫാന്റസികള്‍ പരീക്ഷിക്കാനുള്ള ഒരു ഇടമായി അദ്ദേഹം ഇന്ത്യന്‍ ടീമിനെ മാറ്റി. വൈവിധ്യമാണ് ഗംഭീറിന്റെ ലഹരി. ഇടയ്ക്കിടെ പൊസിഷനുകളും കോമ്പിനേഷനുകളും കളിക്കാരെയും തലകീഴായി മറിക്കുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞപ്പോള്‍ ആരാധകര്‍ക്കിയില്‍ ഉയര്‍ന്ന പരിഹാസം ഇതായിരുന്നു, കുല്‍ദീപ് യാദവായിരിക്കും ഇന്ത്യയുടെ അടുത്ത നമ്പര്‍ 3 ബാറ്റര്‍, ഡിഫന്‍സ് മികച്ചതാണ്, ദീര്‍ഘനേരം കളിക്കും. അതുപോലെത്തന്നെ രണ്ടാം ഇന്നിങ്‌സില്‍ കുല്‍ദീപിനെ 4-ാം നമ്പറാക്കി.
ഇന്ത്യന്‍ ബാറ്റിംഗ് ഓര്‍ഡര്‍ ഇപ്പോള്‍ ഒരു തമാശയായി മാറിയിരിക്കുന്നു. യശസ്വി ജയ്‌സ്വാള്‍ ഒഴികെ മറ്റാര്‍ക്കും സ്ഥിരമായ സ്ഥാനമില്ല. കസേരകളി പോലെയാണ് ബാറ്റര്‍മാരുടെ സ്ഥാനം. എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റങ്ങള്‍ എന്നാണ് മുന്‍ താരങ്ങള്‍ ചോദിക്കുന്നത്.
സായ് സുദര്‍ശന്‍ നമ്പര്‍ 3-ല്‍ 87 ഉം 39 ഉം നേടിയ ഉടനെ അടുത്ത കളി ഡ്രോപ്പ് ചെയ്യപ്പെട്ടു. പകരക്കാരന്‍ വാഷിംഗ്ടണ്‍ സുന്ദര്‍ (ഗംഭീര്‍ യുഗത്തിലെ ഇര്‍ഫാന്‍ പഠാന്‍) ആദ്യ ടെസ്റ്റില്‍ 29, 31 എന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി ഡീമോട്ട് ചെയ്യപ്പെട്ടു.
സ്ഥിരത ഗംഭീറിന്റെ ലോകത്ത് അപരിചിതമാണ്. ഒരു സ്ഥാനത്ത് പരിചയമുള്ള ബാറ്റര്‍മാരെ പെട്ടെന്ന് മാറ്റി മറ്റൊരു റോളിലേക്ക് തള്ളുന്നു. ക്ഷമ കെട്ടതിന്റെയും പരീക്ഷണമോഹത്തിന്റെയും ഭാഗമായാണ് ഈ മാറ്റങ്ങള്‍.
ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ കളിക്കാരായിരുന്നു ഒരുകാലത്ത് ഇന്ത്യന്‍ മധ്യനിരയുടെ നെടുംതൂണ്‍. ഇന്ന് അവരെല്ലാം എവിടെയെന്ന ചോദ്യമാണ് ഉയരുന്നത്. സര്‍ഫറാസ് ഖാന്‍, കരുണ്‍ നായര്‍, ദേവ്ദത്ത് പടിക്കല്‍, അഭിമന്യു ഈശ്വരന്‍, നാരായണ്‍ ജഗദീസന്‍, അന്‍ഷുല്‍ കാംബോജ്, ആര്‍ഷ്ദീപ് സിംഗ്, ആകാശ് ദീപ് തുടങ്ങി ഗംഭീറിന്റെ അക്ഷമയില്‍ പുറത്തായ താരങ്ങളുടെ പട്ടിക നീളും.
ഏകദിനത്തിലും ടി20-യിലും ഇതേ നാടകം നടത്തുന്നു. അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, സഞ്ജു സാംസണ്‍, ആര്‍ഷ്ദീപ് തുടങ്ങിയവരൊന്നും ഇപ്പോള്‍ ടീമിലില്ല.
ഇന്ത്യന്‍ ക്രിക്കറ്റില്‍ മികച്ച കളിക്കാര്‍ വിരമിച്ചാല്‍ കമന്റേറ്റര്‍മാരാകും, ശരാശരിക്കാര്‍ കോച്ചാകും. ബാക്കിയുള്ളവര്‍ സെലക്ടര്‍മാരും. ഈ പിരമിഡിന്റെ മുകളില്‍ രാഷ്ട്രീയക്കാര്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരും ബിസിനസുകാര്‍ ടീം ഉടമകളുമാകും.
കമന്ററി ബോക്‌സ് ഒഴികെ മറ്റെല്ലായിടത്തും മിസ്ഫിറ്റുകള്‍ ആണ്. മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് സിസ്റ്റത്തിന്റെ ലഭാര്‍ത്തികള്‍ കൊണ്ടാണിത്. തങ്ങളുടെ യോഗ്യത തെളിയിക്കാന്‍, നോമിനേഷന്‍ ജസ്റ്റിഫൈ ചെയ്യാന്‍ അവര്‍ അമിത പരീക്ഷണങ്ങള്‍ നടത്തുന്നു. അവിടെയാണ് ഇടതു-വലതു കോമ്പിനേഷന്‍, നാല് ഓള്‍റൗണ്ടര്‍മാര്‍, മൂന്ന് കീപ്പര്‍മാര്‍ തുടങ്ങിയ ആശയങ്ങള്‍ പുറത്തേക്ക് വരുന്നത്.
ചിലര്‍ തെറ്റുകളില്‍ നിന്ന് പഠിക്കും, ഈഗോയുടെ വില മനസ്സിലാക്കും. പക്ഷേ, ഗംഭീര്‍ അങ്ങനെയല്ല, ഒരേ തെറ്റുകള്‍ ആവര്‍ത്തിച്ച് വേറൊരു റിസള്‍ട്ട് പിഴിയാനുള്ള ശാഠ്യമാണ്.
അവിശ്വസനീയമാണ് ഇപ്പോള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ അവസ്ഥ. പതിറ്റാണ്ടുകളുടെ ആധിപത്യത്തിന് ശേഷം സ്വന്തം നാട്ടില്‍ മൂന്ന് പരമ്പരകളില്‍ രണ്ടെണ്ണത്തില്‍ വൈറ്റ്വാഷ് ചെയ്യപ്പെട്ടു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മറ്റൊരു തോല്‍വിയെ അഭിമുഖീകരിക്കുന്നു.
ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിനെയും ആരാധകരുടെ മനസ്സിനെയും ബാറ്റര്‍മാരുടെ മനോഭാവത്തെയും ബൗളര്‍മാരുടെ ശരീരത്തെയും നശിപ്പിക്കുന്നതാണ് ഗംഭീറിന്റെ പരീക്ഷണങ്ങള്‍. ബൗളര്‍മാരായി ഏറെ ഉപയോഗിക്കാത്ത ഓള്‍റൗണ്ടര്‍മാരെ തിരഞ്ഞെടുക്കുന്നത് സ്‌പെഷലിസ്‌റുകളുടെ നടുവൊടിക്കുന്നു. ബുംറയും സിറാജും ഇന്ത്യന്‍ പിച്ചുകളില്‍ എറിയുന്നത് പഴയപോലെ ന്യൂ ബോള്‍ ഷൈന്‍ മാറ്റാനല്ല, മുഴുവന്‍ സ്‌പെല്ലും എറിയേണ്ടി വരുന്നു.
ഗംഭീറിന്റെ പരിശീലനം ഗ്രെഗ് ചാപ്പല്‍ കാലത്തോട് സാമ്യം ചൂണ്ടിക്കാട്ടുന്നവര്‍ ഉണ്ട്. 2005-07ല്‍ ചാപ്പലും ബാറ്റിംഗ് ഓര്‍ഡര്‍ കറക്കിക്കൊണ്ടിരുന്നു. സച്ചിനെ ഓപ്പണിംഗില്‍ നിന്ന് മാറ്റി, ഇര്‍ഫാനെ ബാറ്ററാക്കി ബൗളിംഗ് നശിപ്പിച്ചു. അന്ന് ഡ്രസിംഗ് റൂമിലെ ഭിന്നതയും ഗാംഗുലിയുമായുള്ള പരസ്യ കലഹവും ചാപ്പലിന് മറയായി.
ഇന്ന് ഗംഭീറിന് ആ മറയില്ല. സീനിയര്‍മാരില്‍ നിന്ന് ഒരു മൂളല്‍ പോലുമില്ല. അതുകൊണ്ട് പരീക്ഷണങ്ങളുടെ പരാജയം ഗംഭീറിന്റെ മാത്രം പരാജയമാണ്. പരീക്ഷണത്തിന്റെ ദീര്‍ഘകാല ഫലം ഇനി വരാനരിക്കുന്നതേയുള്ളൂ. ഗംഭീര്‍ സ്ഥാനമൊഴിഞ്ഞാലും പുതിയ പരിശീലകന് കാര്യങ്ങള്‍ എളുപ്പമാകില്ല. യുവ കളിക്കാരെ എത്തിച്ച് പുതിയ ഒരു ടീമിനെ കണ്ടെടുക്കുന്നതുവരെ ഈ തകര്‍ച്ച തുടരുമെന്നാണ് വിലയിരുത്തല്‍.