ക്രിഷ് ജാഗർലാമുഡി-അനുഷ്ക ഷെട്ടി ചിത്രം ‘ ഘാട്ടി’യുടെ റിലീസ് തീയതി പുറത്തുവിട്ടു. 2025 ജൂലൈ 11 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. യുവി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗർലമുഡിയും ചേർന്നാണ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘വേദം’ എന്ന ചിത്രത്തിന് ശേഷം അനുഷ്കയും ക്രിഷും ഒന്നിക്കുന്ന ഈ ചിത്രം യുവി ക്രിയേഷൻസിന്റെ ബാനറിൽ അനുഷ്ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്. അനുഷ്ക ഷെട്ടിയുടെ ജന്മദിനം പ്രമാണിച്ച് റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ശേഷം പുറത്തു വന്ന ഗ്ലിംപ്സ് വീഡിയോയും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
തമിഴ് നടൻ വിക്രം പ്രഭുവും ചിത്രത്തിൽ നിർണ്ണായക വേഷം അവതരിപ്പിക്കുന്നു. ദേസി രാജു എന്ന കഥാപാത്രത്തെയാണ് വിക്രം പ്രഭു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അനുഷ്ക ഷെട്ടി, വിക്രം പ്രഭു എന്നിവർ മറ്റു ചിലർക്കൊപ്പം വലിയ ഭാണ്ഡങ്ങളുമായി ഒരു നദി കാൽനടയായി വെള്ളത്തിൽ കഴുത്തോളം മുങ്ങിയ രീതിയിൽ മുറിച്ചു കടക്കുന്ന ദൃശ്യമാണ് റിലീസ് തീയതി പുറത്ത് വിട്ടുകൊണ്ടുള്ള പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഗംഭീര ആക്ഷൻ രംഗങ്ങൾക്കൊപ്പം ആകർഷകമായ ഒരു പ്രണയകഥയിലേക്ക് കൂടി വിരൽ ചൂണ്ടുന്ന ഒരു ഗ്ലിംപ്സ് വീഡിയോ വിക്രം പ്രഭുവിന്റെ ജന്മദിനത്തിനും ‘ ഘാട്ടി’യുടെ അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരുന്നു.