ചെന്നൈ: തമിഴ്നാട്ടിൽ നവജാതശിശുക്കൾക്ക് തമിഴ്പേരുകൾ കണ്ടെത്താൻ സഹായിക്കുന്നതിനായി വെബ്സൈറ്റ് തുടങ്ങാൻ സർക്കാർ . മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കുട്ടികൾക്കുള്ള മനോഹരമായ തമിഴ്പേരുകളും അവയുടെ അർഥങ്ങളും വിശദമാക്കുന്ന വെബ്‌സൈറ്റ് ഉടൻ ആരംഭിക്കും.
തമിഴ് ഓൺലൈൻ വിദ്യാഭ്യാസവകുപ്പിനു കീഴിലാകും ഇതു തുടങ്ങുക. 'നിങ്ങളുടെ കുട്ടികൾക്ക് മനോഹരമായ തമിഴ്പേരുകൾതന്നെ നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് എന്റെ അപേക്ഷയാണ്' -ബുധനാഴ്ച അണ്ണാ അറിവാളയത്തിൽ നടന്ന സ്വകാര്യചടങ്ങിൽ സ്റ്റാലിൻ പറഞ്ഞു.
കുട്ടികൾക്ക് തമിഴ്പേരുകൾ ഇടാൻ പലരും ആലോചിക്കുന്നുണ്ടെങ്കിലും പേരുകളെക്കുറിച്ചും അവയുടെ അർഥങ്ങളെക്കുറിച്ചും അറിയാൻ തമിഴ്‌നാട്ടിൽ ശരിയായ സംവിധാനങ്ങൾ ഇല്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ പ്രഖ്യാപനം.