
തിരുവനന്തപുരം : കേരളത്തിലെ വിദ്യാഭ്യാസരംഗം തകർക്കാൻ മത്സരിക്കുന്ന ഗവർണറും മുഖ്യമന്ത്രിയും നാടകം കളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുകയെന്ന തന്ത്രമാണ് ഇവർ സ്വീകരിച്ചിരിക്കുന്നത്.മന്ത്രിമാരും പാർട്ടി അണികളും തെരുവിൽ ഗവർണർക്കെതിരെ പോർവിളി നടത്തുമ്പോൾ മുഖ്യമന്ത്രി സമാധാനദൂതുമായി രാജ്ഭവനിലെത്തിയത് പുതിയ അടവുനയത്തിൻ്റെ ഭാഗമായണ് '
ബി.ജെ.പി യുടെ കേരളത്തിലെ യഥാർത്ഥ ആസ്ഥാനമായ രാജ്ഭവനിൽ മുഖ്യമന്ത്രി ഗവർണറുമായി ഒരു മണിക്കൂർ നേരം രഹസ്യ ചർച്ച നടത്തിയത് രാഷ്ട്രീയ ഗൂഢാലോചനയാണ്. ഇപ്പോഴത്തെ ഗവർണർ ആർ.എസ്.എസ് വക്താവാണ്.ദില്ലിയിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായ സി.പി.എം കേരളത്തിൽ എപ്പോഴും ബി.ജെ.പിയുടെ കൂടെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി - സി.പി.എം രഹസ്യ ബന്ധത്തിന് മദ്ധ്യസ്ഥത വഹിച്ചത് ഗൗതം അദാനിയും നിതിൻ ഗഡ്കരിയുമാണ്.
കോൺഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പിയുടെ മുദ്രാവാക്യത്തെ സി.പി.എം ലെ കേരള ലോബി ആദ്യം മുതലേ പിന്തുണയ്ക്കുന്നുണ്ട്. രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ലോക്‌സഭയിലേക്കയച്ച കേരളത്തിലെ കോൺഗ്രസിനെ തകർക്കുകയെന്ന ബി.ജെ.പി.യുടെ അഖിലേന്ത്യാ നയം കേരളത്തിൽ നടപ്പിലാക്കാനാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.