+

പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ ഹൈക്കോടതിയില്‍

ബിജെപി നേതാവ് പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. 2022ല്‍ പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്.

കൊച്ചി: ബിജെപി നേതാവ് പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. 2022ല്‍ പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പി സി ജോര്‍ജ് നിരന്തരം ലംഘിക്കുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് നടത്തിയ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.

പി സി ജോര്‍ജ് നിരന്തരം മതവിദ്വേഷ പ്രസംഗം നടത്തുന്നുവെന്ന് പൊലീസും പറഞ്ഞു. സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പി സി ജോര്‍ജിന് ഹൈക്കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. അടിയന്തിരാവസ്ഥയുടെ വാര്‍ഷിക ദിനത്തില്‍ ഇടുക്കിയില്‍ പി സി ജോര്‍ജ് വീണ്ടും മതവിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു. കേസെടുക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചായിരുന്നു അന്ന് അദ്ദേഹം വിദ്വേഷ പരാമര്‍ശം നടത്തിയത്.

facebook twitter