+

സ്നേഹം തോറ്റില്ല; അപകടം മറികടന്ന് കട്ടിലിൽ ഇരുന്ന് വധുവിന് മിന്നുചാർത്തി വരൻ

അപകടത്തിന് മുന്നിൽ തളരാത്ത പ്രണയത്തിന്റെ കഥ പറയുകയാണ്  രമേശനും ഓമനയും. വാഹനാപകടത്തിൽ പരിക്കേറ്റ് കിടപ്പിലായപ്പോൾ വിവാഹം മാറ്റിവെക്കാമെന്നാണ് ആദ്യം ആലോചിച്ചതെങ്കിലും ഒരുക്കങ്ങളെല്ലാം അവസാനഘട്ടവും പിന്നിട്ടതിനാൽ നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്തുകയായിരുന്നു. കട്ടിലിൽ ഇരുന്നുകൊണ്ടാണ് രമേശൻ ഓമനയുടെ കഴുത്തിൽ താലി ചാർത്തിയത്.

ചേർത്തല: അപകടത്തിന് മുന്നിൽ തളരാത്ത പ്രണയത്തിന്റെ കഥ പറയുകയാണ്  രമേശനും ഓമനയും. വാഹനാപകടത്തിൽ പരിക്കേറ്റ് കിടപ്പിലായപ്പോൾ വിവാഹം മാറ്റിവെക്കാമെന്നാണ് ആദ്യം ആലോചിച്ചതെങ്കിലും ഒരുക്കങ്ങളെല്ലാം അവസാനഘട്ടവും പിന്നിട്ടതിനാൽ നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്തുകയായിരുന്നു. കട്ടിലിൽ ഇരുന്നുകൊണ്ടാണ് രമേശൻ ഓമനയുടെ കഴുത്തിൽ താലി ചാർത്തിയത്.

ചേർത്തല നഗരസഭയിലെ പന്ത്രണ്ടാം വാർഡിൽ കളിത്തട്ടുങ്കൽ സ്വദേശിയായ രമേശനും(65) കുറുപ്പംകുളങ്ങര ആലയ്ക്കവെളിയിൽ സ്വദേശിനിയായ ഓമന(55)യും തമ്മിലുള്ള വിവാഹം നടത്താനുള്ള ഒരുക്കങ്ങൾക്കിടെയാണ് അപ്രതീക്ഷിതമായി അപകടം സംഭവിച്ചത്. 
ഒക്ടോബർ 15-നായിരുന്നു അപകടം. ചേർത്തല മതിലകം ആശുപത്രിയിലെ കാർപ്പെന്ററായ രമേശൻ സൈക്കിളിൽ വരുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ രമേശന്റെ കാലൊടിഞ്ഞു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും, ചേർത്തല താലൂക്കാശുപത്രിയിലുമായി രമേശൻ ചികിത്സയിലായിരുന്നു.

അപകടം സംഭവിച്ചതിനെ തുടർന്ന് വിവാഹം മാറ്റിവയ്ക്കാൻ ആദ്യം ആലോചിച്ചെങ്കിലും, വിവാഹത്തിനായി വേണ്ട ഒരുക്കങ്ങളെല്ലാം നടത്തിയതിനാൽ നിശ്ചയിച്ച ദിവസം തന്നെ ചടങ്ങ് നടത്താൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ഒക്ടോബർ 25-ന് രമേശന്റെ വീട്ടിൽ വെച്ചാണ് വളരെ ലളിതമായ ചടങ്ങുകളോടെ വിവാഹം നടന്നത്.

വിവാഹത്തിനായി രമേശനെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് എത്തിച്ചു. തുടർന്ന്, കിടക്കയിൽ തന്നെയിരുന്ന് രമേശൻ ഓമനയുടെ കഴുത്തിൽ താലി കെട്ടി. ഇരുവരും പരസ്പരം മാല ചാർത്തുകയും ചെയ്തു. ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മുൻ എം.പി. എ.എം. ആരീഫും ചടങ്ങിൽ സന്നിഹിതനായിരുന്നു.

facebook twitter