+

ഗുജറാത്ത് കലാപം: ബ്രിട്ടീഷുകാരെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വിട്ടയച്ചത് ശരിവെച്ചു

ഗുജറാത്ത് കലാപത്തിനിടെ മൂന്ന് ബ്രിട്ടീഷ് പൗരന്മാരെ കാർ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ ആറുപ്രതികളെയും വിട്ടയച്ച വിധി ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു.

അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിനിടെ മൂന്ന് ബ്രിട്ടീഷ് പൗരന്മാരെ കാർ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ ആറുപ്രതികളെയും വിട്ടയച്ച വിധി ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു.

സാക്ഷിമൊഴികളിലെ വൈരുധ്യവും അജ്ഞാത സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്തതും മുഖ്യകാരണങ്ങളായി കോടതി ചൂണ്ടിക്കാട്ടി. 2002 ഫെബ്രുവരി 28-ന് സബർക്കന്ധയിലെ പ്രാന്തിജിൽ ദേശീയപാതയിലുണ്ടായ ആക്രമണത്തിൽ ഇന്ത്യൻവംശജരും ബ്രിട്ടീഷ് പൗരന്മാരുമായ സയിദ് ദാവൂദ്, ഷക്കീൽ ദാവൂദ്, മുഹമ്മദ് അസവത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്.

ആഗ്രയിൽനിന്ന് മടങ്ങിവരുമ്പോഴാണ് ഇവർ അക്രമികളുടെ മുന്നിൽപ്പെട്ടത്. മരിച്ചവരുടെ ബന്ധുകൂടിയായ ബ്രിട്ടീഷ് പൗരൻ ഇമ്രാൻ ദാവൂദ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹമായിരുന്നു മുഖ്യ ദൃക്സാക്ഷി. എന്നാൽ, ദാവൂദിന് പ്രതികളെ കൃത്യമായി തിരിച്ചറിയാനായില്ലെന്ന സബർക്കന്ധ സെഷൻസ് കോടതിയുടെ നിരീക്ഷണം ജസ്റ്റിസുമാരായ എ.വൈ. കോക്‌ജെ, എസ്.ജെ. ദവെ എന്നിവരുടെ ഡിവിഷൻബെഞ്ച് ശരിവെച്ചു.

ബ്രിട്ടീഷ് ഹൈക്കമ്മിഷണർക്ക് വന്ന അജ്ഞാതസന്ദേശത്തിന്റെ വെളിച്ചത്തിലാണ് പ്രതിപ്പട്ടിക പോലീസ് തയ്യാറാക്കിയത്. പിന്നീട് അന്വേഷണം നടത്തിയ എസ്ഐടിയും ഇത് സ്വീകരിച്ചു. വേറെ മൂന്ന് ദൃക്‌സാക്ഷികളുണ്ടായിരുന്നെങ്കിലും അവർ വിചാരണവേളയിൽ കൂറുമാറിയിരുന്നു. ഇമ്രാൻ ദാവൂദാണ് സെഷൻസ് കോടതിവിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
 

facebook twitter