
തിരുവനന്തപുരം: സ്കൂളുകളിൽ ഗുരുപൂജയെ എതിർക്കുന്നവർ സംസ്കാരശൂന്യരാണെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഇവർ ഏതുസംസ്കാരത്തിൽനിന്നെത്തിയെന്നും ഗവർണർ ചോദിച്ചു. ബാലഗോകുലം ദക്ഷിണകേരളം സുവർണ ജൂബിലിയുടെ പൊതുസഭ ബാലരാമപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ .
ഗുരുവന്ദനം മണ്ണിന്റെ സംസ്കാരമാണ്. രാവിലെ രാജ്ഭവനിലെത്തിയ ഒരു സന്ന്യാസി, കാസർകോട്ടുള്ള സ്കൂളിൽ ഗുരുവന്ദനം തടയാൻ പോലീസ് എത്തിയതായി പറഞ്ഞിരുന്നു. എന്നെ വിളിച്ച ഒരു ഉന്നത ഉദ്യോഗസ്ഥൻ പ്രണാമം പറഞ്ഞപ്പോൾ അതുപറയരുതെന്നും പറഞ്ഞാൽ സർവീസിൽനിന്ന് പുറത്തുപോകേണ്ടി വരുമെന്നും ഞാൻ പ്രതികരിച്ചു. ഇവ കേരളത്തിന്റെ മാത്രമായ സംസ്കാരമാണെന്നും ഗവർണർ പറഞ്ഞു.
ബാലഗോകുലം സുവർണജയന്തി ലോഗോ, ഗോകുലഭാരതി എന്നിവയുടെ പ്രകാശനം ഗവർണർ നിർവഹിച്ചു. ആദ്യകാല പ്രവർത്തകനായ വിജയരാഘവനെ ആദരിച്ചു. ബാലഗോകുലം ദക്ഷിണകേരള അധ്യക്ഷൻ ഡോ. എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.